
കൊച്ചി: രാജ്യത്തെ പ്രധാന എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്സ് ലിമിറ്റഡ് സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം ത്രൈമാസ പാദം 504 കോടി രൂപ വരുമാനവും 60.1 കോടി രൂപ അറ്റാദായവും നേടി. മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ യഥാക്രമം 6.2 ശതമാനവും 12.2 ശതമാനവും വര്‍ധനയാണ് കമ്പനി നേടിയിട്ടുള്ളത്. സെപ്റ്റംബറില്‍ അവസാനിച്ച അര്‍ധവര്‍ഷത്തില്‍ വരുമാനം 937 കോടി രൂപയും അറ്റാദായം 110.1 കോടി രൂപയുമാണ്.
കമ്പനിയുടെ ഡിഷ് വാഷിംഗ് വിഭാഗം വിറ്റുവരവില്‍ 23.6 ശതമാനവും ഹൗസ്ഹോള്‍ഡ് ഇന്‍സെക്ടിസൈഡ്സ് വിഭാഗം 22.6 ശതമാനവും പേഴ്സണല്‍ കെയര്‍ വിഭാഗം 14.5 ശതമാനവും വളര്‍ച്ച നേടിയെന്ന് മാനേജിംഗ് ഡയറക്ടര്‍ എം ആര്‍ ജ്യോതി അറിയിച്ചു. എന്നാല്‍ ഫാബ്രിക് കെയര്‍ വിഭാഗത്തില്‍ 11.7 ശതമാനം ഇടിവാണുണ്ടായത്. ഉജാല, മാക്സോ, എക്സോ, ഹെന്‍കോ, പ്രില്‍, മാര്‍ഗോ, മിസ്റ്റര്‍ വൈറ്റ്, ടി-ഷൈന്‍, നീം, മോര്‍ ലൈറ്റ് തുടങ്ങിയവ 1983-ല്‍ ആരംഭിച്ച കമ്പനിയുടെ പ്രമുഖ ബ്രാന്‍ഡുകളാണ്.
ഉപഭോക്തൃവികാരം ശക്തിപ്പെട്ടതിന്റെ സൂചനയാണ് കമ്പനിയുടെ വളര്‍ച്ച. ബ്രാന്‍ഡ് പോര്‍ട്ട്‌ഫോളിയോയില്‍ ഉടനീളം ഈ മികവ് കാണാം. വില്‍പ്പന വളര്‍ച്ച, ബ്രാന്‍ഡ് പ്രതിച്ഛായ, നൂതന ഉത്പന്നങ്ങള്‍, ചെലവ് ചുരുക്കല്‍ തുടങ്ങിയ ഘടകങ്ങളിലാണ് ഈ പാദം കമ്പനി ശ്രദ്ധയൂന്നിയതെന്ന് റെഗുലേറ്ററി ഫയലിങ്ങില്‍ ജ്യോതി ലബോറട്ടറീസ് അറിയിച്ചു. പൊതു വ്യാപാരത്തില്‍ ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ആവശ്യക്കാര്‍ വര്‍ധിച്ചതായി കമ്പനി പറഞ്ഞു. ഇതേസമയം, ആധുനിക ട്രേഡ് സ്റ്റോറുകളിലും ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളിലും പ്രശ്‌നങ്ങള്‍ തുടരുന്നു. ഇവ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ആവശ്യക്കാര്‍ വലുതായി എത്തുന്നില്ലെന്നതാണ് പ്രതിസന്ധി.
എന്തായാലും വരും പാദങ്ങളിലും മികച്ച വളര്‍ച്ച കുറിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ജ്യോതി ലബോറട്ടറീസിനുണ്ട്. മുംബൈയാണ് കമ്പനിയുടെ ആസ്ഥാനം. ബുധനാഴ്ച്ച 1.76 ശതമാനം നേട്ടത്തോടെയാണ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ജ്യോതി ലബോറട്ടറീസ് വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ കമ്പനിയുടെ ഓഹരിയൊന്നിന് 132.80 രൂപയാണ്.