ജ്യോതി ലാബ്സ് ത്രൈമാസ ഫലം പുറത്തുവിട്ടു; 18.2 ശതമാനം വര്‍ധനവോടെ 53.2 കോടി രൂപ അറ്റാദായം നേടി

January 29, 2021 |
|
News

                  ജ്യോതി ലാബ്സ് ത്രൈമാസ ഫലം പുറത്തുവിട്ടു; 18.2 ശതമാനം വര്‍ധനവോടെ 53.2 കോടി രൂപ അറ്റാദായം നേടി

കൊച്ചി: രാജ്യത്തെ മുന്‍നിര എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്സ് കഴിഞ്ഞ ത്രൈമാസത്തില്‍ 18.2 ശതമാനം വര്‍ധനവോടെ 53.2 കോടി രൂപ അറ്റാദായം കൈവരിച്ചു. അറ്റ വില്‍പന ഇക്കാലയളവില്‍ 13.3 ശതമാനം വര്‍ധനവോടെ 477 കോടി രൂപയിലും എത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ തിരിച്ചു വരവ് കമ്പനിയുടെ പ്രകടനത്തിലും പ്രതിഫലിക്കുന്നുണ്ട്.

വിവിധ മേഖലകളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയുള്ള പുതിയ നീക്കങ്ങളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഫലം ഉണ്ടാക്കായിട്ടുണ്ട്. ഡിസംബര്‍ 31-ന് അവസാനിച്ച കഴിഞ്ഞ ത്രൈമാസത്തില്‍ ഗ്രാമങ്ങളില്‍ നിന്നുള്ള ശക്തമായ പിന്തുണയും നഗര മേഖലകളിലെ സ്ഥിതി മെച്ചപ്പെട്ടതും സഹായകമായിട്ടുണ്ട്. കഴിഞ്ഞ മൂന്നു ത്രൈമാസങ്ങളിലായ കമ്പനി 163.4 കോടി രൂപയുടെ അറ്റാദായമാണു കൈവരിച്ചിട്ടുള്ളത്. ഇക്കാലത്തെ അറ്റ വില്‍പന 7.3 ശതമാനം വര്‍ധിച്ച് 1,414 കോടി രൂപയിലും എത്തിയിട്ടുണ്ട്.

കൂടുതല്‍ ശക്തമായ മാധ്യമ പിന്തുണയുടേയും കൂടുതല്‍ പ്രദേശങ്ങളിലേക്കുള്ള വികസനത്തിന്റേയും സഹായത്തോടെ ബ്രാന്‍ഡുകളെ ശക്തമാക്കുന്നതിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസത്തിലെ സാമ്പത്തിക ഫലങ്ങളെ കുറിച്ചു പ്രതികരിക്കവെ ജ്യോതി ലാബ്സ് മാനേജിങ് ഡയറക്ടര്‍ എം ആര്‍ ജ്യോതി പറഞ്ഞു. തങ്ങളുടെ ഉല്‍പന്ന നിരയുടെ ശക്തിയും എല്ലാ വിഭാഗങ്ങളുമായുള്ള ഇഴുകിച്ചേരലും തങ്ങളുടെ ബിസിനസ് സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തി നേട്ടമുണ്ടാക്കാന്‍ സഹായിക്കുമെന്നും എം ആര്‍ ജ്യോതി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ മറ്റൊരു പ്രമുഖ എഫ്എംസിജി കമ്പനിയായ മാരികോ ലിമിറ്റഡും ഡിസംബര്‍ പാദത്തിലെ സാമ്പത്തികഫലം ബുധനാഴ്ച്ച പുറത്തുവിട്ടിരുന്നു. 13.04 ശതമാനം വര്‍ധനവോടെ 312 കോടി രൂപയാണ് മാരികോ ലിമിറ്റഡ് ഡിസംബര്‍ പാദത്തില്‍ അറ്റാദായം കുറിച്ചത്. മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലത്ത് 276 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

ഇക്കുറി പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 16.33 ശതമാനം വര്‍ധനവോടെ 2,122 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തികവര്‍ഷം ഡിസംബര്‍ പാദത്തില്‍ 1,824 കോടി രൂപയായിരുന്നു പ്രവര്‍ത്തനങ്ങളില്‍ നിന്നും മാരികോ വരുമാനം കണ്ടെത്തിയത്. മൂന്നാം പാദത്തില്‍ മറ്റൊരു എഫ്എംസിജി കമ്പനിയായ ഹിന്ദുസ്താന്‍ യുണിലെവര്‍ 1,927 കോടി രൂപ അറ്റാദായം കുറിക്കുന്നതും വിപണി കണ്ടു. 18.87 ശതമാനം അറ്റാദായ വര്‍ധനവ് കമ്പനി കയ്യടക്കിയിട്ടുണ്ട്. ഇതേസമയം, നടപ്പു വര്‍ഷം സെപ്തംബര്‍ പാദത്തിലെ കണക്കുകള്‍ വിലയിരുത്തിയാല്‍ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ ലാഭം 4.30 ശതമാനം ഇടിഞ്ഞത് കാണാം. ജൂലായ് - സെപ്തംബര്‍ കാലഘട്ടത്തില്‍ 2,009 കോടി രൂപ അറ്റാദായം കണ്ടെത്താന്‍ ഹിന്ദുസ്താന്‍ യുണിലെവറിന് സാധിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved