വാള്‍ട്ട് ഡിസ്നി തലപ്പത്തേക്ക് മലയാളി; ഡിസ്നി ഇന്ത്യ ആന്റ് സ്റ്റാന്‍ ഇന്ത്യയുടെ പ്രസിഡന്റ് ആയി കെ മാധവന്‍

April 15, 2021 |
|
News

                  വാള്‍ട്ട് ഡിസ്നി തലപ്പത്തേക്ക് മലയാളി; ഡിസ്നി ഇന്ത്യ ആന്റ് സ്റ്റാന്‍ ഇന്ത്യയുടെ പ്രസിഡന്റ് ആയി കെ മാധവന്‍

ന്യൂഡല്‍ഹി: മലയാളിയായ കെ മാധവന്‍ വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ ആന്റ് സ്റ്റാന്‍ ഇന്ത്യയുടെ പ്രസിഡന്റ് ആയി നിയമിതനായി. ആദ്യമായാണ് ഒരു മലയാളി ഈ പദവിയില്‍ എത്തുന്നത്. ഡിസ്നി ഇന്ത്യയുടേയും സ്റ്റാര്‍ ഇന്ത്യയുടേയും രാജ്യത്തെ മാനേജര്‍ ആയിരുന്നു കെ മാധവന്‍. ഉദയ് ശങ്കര്‍ ആയിരുന്നു നേരത്തേ ഈ പദവിയില്‍ ഉണ്ടായിരുന്നത്. അദ്ദേഹം കഴിഞ്ഞ ഒക്ടോബറില്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കെ മാധവന്റെ നിയമനം.

എട്ട് ഭാഷകളില്‍ സാന്നിധ്യമുണ്ട് വാട്ട് ഡിസ്നി ഇന്ത്യയ്ക്കും സ്റ്റാര്‍ ഇന്ത്യയ്ക്കും. വിനോദമേഖലയില്‍ ലോകത്തിലെ തന്നെ വമ്പന്‍മാരാണ് വാള്‍ട്ട് ഡിസ്നി. ഇനി ഇന്ത്യയിലെ ഇവരുടെ വിനോദ ഉള്ളടക്കത്തിന്റെ ചുമതല കെ മാധവന് ആയിരിക്കും. ഇന്ത്യയിലെ തന്നെ ആദ്യ സ്വകാര്യ ചാനലുകളില്‍ ഒന്നായ ഏഷ്യാനെറ്റിന്റെ മാനേജിങ് ഡയറക്ടര്‍ ആയിരുന്നു കെ മാധവന്‍. ഏഷ്യാനെറ്റില്‍ നിന്ന് പിന്നീട് വാര്‍ത്താ വിഭാഗം ഏഷ്യാനെറ്റ് ന്യൂസ് എന്ന പേരില്‍ പ്രത്യേക സ്ഥാപനമായി. പിന്നീട് വിനോദ വിഭാഗം സ്റ്റാര്‍ ഇന്ത്യ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഡിസ്നി, സ്റ്റാര്‍, ഹോട്ട് സ്റ്റാര്‍ എന്നിവയെല്ലാം ഒരു കുടക്കീഴില്‍ വരുന്നവയാണ്. ഇവയുടെ കീഴിലുള്ള വിനോദ, കായിക ഉള്ളടക്കങ്ങള്‍ എല്ലാം കെ മാധവന് കീഴിലാണ് ഇനി വരിക. കമ്പനിയ്ക്ക് കീഴിലുള്ള പ്രാദേശിക ചാനലുകളുടെ ചുമതലയും കെ മാധവന് തന്നെ ആയിരിക്കും. ഏഷ്യാനെറ്റില്‍ കെ മാധവനുണ്ടായിരുന്ന ഓഹരി പങ്കാളിത്തം പിന്നീട് സ്റ്റാര്‍ ഇന്ത്യ വാങ്ങിയിരുന്നു എന്നാണ് വിവരം. അതിന് ശേഷം അദ്ദേഹം സ്റ്റാര്‍ ഇന്ത്യയുടെ ഭാഗമായി തുടരുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ആണ്. സിഐഐയുടെ മീഡിയ ആന്റ് എന്റര്‍ടെയ്ന്‍മെന്റ് നാഷണല്‍ കമ്മിറ്റിയുടെ ചെയര്‍മാനും ആണ് അദ്ദേഹം.

കോഴിക്കോട് വടകര സ്വദേശിയാണ് കെ മാധവന്‍. ബാങ്കിങ് മേഖലയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കം. പിന്നീട് ഓഹരി വിപണിയിലും അദ്ദേഹം സജീവമായിരുന്നു. ഏഷ്യാനെറ്റിന്റേയും ഏഷ്യാനെറ്റ് ന്യൂസിന്റേയും വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ആളാണ് കെ മാധാവന്‍. വാള്‍ട്ട് ഡിസ്നി ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മേധാവി റെബേക്ക കാംപ്ബെല്‍ ആണ് മാധവന്റെ പുതിയ പദവി പ്രഖ്യാപിച്ചത്. കൊവിഡ് കാലത്തെ പ്രതിസന്ധികളില്‍ പോലും സ്റ്റാര്‍ നെറ്റ് വര്‍ക്കിനെ പുതിയ ഉയരങ്ങളില്‍ എത്തിച്ചത് കെ മാധവന്‍ ആണെന്നും അവര്‍ പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved