
സംസ്ഥാനത്ത് പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാകുന്ന കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് (കെ-ഫോണ്‍) പദ്ധതി ഈ വര്‍ഷം ഡിസംബറോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 1500 കോടി രൂപയുടെ കെ-ഫോണ്‍ പദ്ധതി നടപ്പിലാക്കുന്ന കണ്‍സോര്‍ഷ്യത്തിലെ കമ്പനികളുടെ തലവന്മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കണ്‍സോര്‍ഷ്യം തലവന്‍ ബിഇഎല്ലിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം വി ഗൗതം ഇക്കാര്യത്തില്‍ ഉറപ്പുനല്‍കി.
ഇന്റര്‍നെറ്റിനെ പൗരന്റെ മൗലികാവകാശമായി പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും ഇതിന്റെ ഭാഗമായി ദരിദ്രര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഗുണനിലവാരമുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനാണ് കെ-ഫോണ്‍ പദ്ധതി ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തെ സംബന്ധിച്ച് ഈ പദ്ധതിയുടെ പൂര്‍ത്തീകരണം വലിയ നേട്ടമായിരിക്കും. കാരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല.
ലോക്ക്ഡൗണ്‍ കാരണം കാലതാമസമുണ്ടായിട്ടും, കണ്‍സോര്‍ഷ്യം തലവന്‍ എം.വി ഗൌതം ഈ വര്‍ഷം ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. കണ്‍സോര്‍ഷ്യത്തില്‍ പൊതുമേഖലാ കമ്പനികള്‍, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബെല്‍), റെയില്‍ടെല്‍, സ്വകാര്യ കമ്പനികളായ എസ്ആര്‍ടി, എല്‍എസ് കേബിള്‍സ് എന്നിവ ഉള്‍പ്പെടുന്നു. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
കെഎസ്ഇബി പോസ്റ്റുകള്‍ ഉപയോഗിച്ചാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കുക. കെ-ഫോണ്‍ ശൃംഖല സ്‌കൂളുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്നതിനാല്‍ പദ്ധതി സംസ്ഥാനത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, ഇത് 'സംസ്ഥാനം വിഭാവനം ചെയ്ത വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ ഉത്തേജകമായി' പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് -19 ന് ശേഷമുള്ള കാലത്ത് ഇന്റര്‍നെറ്റിന്റെ പ്രാധാന്യവും പ്രസക്തിയും വളരുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, ബാങ്കിംഗ് തുടങ്ങിയ മേഖലകളില്‍ ഇന്റര്‍നെറ്റ് ഉപയോഗം വളരെയധികം വര്‍ദ്ധിക്കും. ലോകത്തെ പ്രമുഖ വ്യാവസായിക, വിദ്യാഭ്യാസ, ടൂറിസം കേന്ദ്രമായി കേരളം വികസിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് കെ-ഫോണ്‍ വലിയ പിന്തുണയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.