
തിരുവനന്തപുരം: ഇന്റര്‍നെറ്റ് അടിസ്ഥാന സൗകര്യവികസന പദ്ധതിയായ കെഫോണിന്റെ ആദ്യ ഘട്ടം തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 1,000 ഓഫിസുകളെ ബന്ധിപ്പിച്ച്. വീടുകളിലേക്ക് ഇന്റര്‍നെറ്റ് എത്തുന്നത് വൈകും. വീടുകളിലേക്ക് ഇന്റര്‍നെറ്റ് നല്‍കാന്‍ സേവനദാതാക്കളെ പങ്കെടുപ്പിച്ച് ടെന്‍ഡര്‍ വിളിക്കും. ഓഫിസുകളെ ബന്ധിപ്പിക്കാനുള്ള ബാന്‍ഡ്‌വിഡ്ത്ത് ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍ നിന്നു വിലയ്ക്കു വാങ്ങും. ഫെബ്രുവരിയില്‍ തന്നെ 14 ജില്ലകളിലെയും ഓഫിസുകളെ ബന്ധിപ്പിക്കാനാണ് നിശ്ചയിച്ചതെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ മൂലം തീരുമാനം മാറ്റുകയായിരുന്നു.
റെയില്‍വേ ലൈന്‍, പാലങ്ങള്‍, ദേശീയപാത തുടങ്ങിയവയ്ക്കു കുറുകെ കേബിള്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് 70 കിലോമീറ്ററോളം ദൂരം അനിശ്ചിതത്വത്തിലാണ്.കെഫോണ്‍ ശൃംഖല ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നല്‍കേണ്ട വാടകയില്‍ നിന്നു പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള ചെലവ് കണ്ടെത്താനാണ് സര്‍ക്കാരിന്റെ ശ്രമം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 20 ലക്ഷം കുടുംബങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കുകയാണു ലക്ഷ്യം.