2 വര്‍ഷത്തിനുള്ളില്‍ കാക്കനാട് വിപണന കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക്; പദ്ധതി ചെലവ് 70 കോടി രൂപ

July 13, 2021 |
|
News

                  2 വര്‍ഷത്തിനുള്ളില്‍ കാക്കനാട് വിപണന കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക്;  പദ്ധതി ചെലവ് 70 കോടി രൂപ

തിരുവനന്തപുരം: കേരളത്തില്‍ വരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്സിബിഷന്‍ കം ട്രേഡ് സെന്ററിന്റെയും കണ്‍വെന്‍ഷന്‍ സെന്ററിന്റെയും പ്രവര്‍ത്തനം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍. കാക്കനാട് രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി പൂര്‍ത്തിയാകുന്നത്. 70 കോടിയാണ് പദ്ധതി ചെലവ് പ്രതീക്ഷപ്പെടുന്നത്. ഇതുവഴി കേരളത്തിലെ മുഴുവന്‍ എം.എസ്.എം.ഇ കള്‍ക്കും തങ്ങളുടെ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്പന നടത്തുന്നതിനുമുള്ള അവസരം ലഭിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു

വ്യവസായ വകുപ്പിന്റെ അഭിമാന പദ്ധതികളിലൊന്നായാണ് ഇത് രൂപപ്പെടുത്തുന്നത്. കേരളത്തിലെ വ്യവസായങ്ങള്‍ക്കും പരമ്പരാഗത മേഖലയ്ക്കും കാര്‍ഷിക രംഗത്തിനും പുത്തന്‍ ഉണര്‍വ് പകരാന്‍ പ്രദര്‍ശന വിപണന കേന്ദ്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. വ്യവസായികള്‍ക്കും മറ്റു മേഖലകളിലുള്ളവര്‍ക്കും പ്രയോജനകരമായ വിധത്തില്‍ പ്രദര്‍ശനം സംഘടിപ്പിക്കാനും അന്താരാഷ്ട്ര വിപണി ഉള്‍പ്പെടെ നേടിയെടുക്കുന്നതിനും ഈ വേദി സഹായകരമാകും. കാക്കനാട് ഇതിനായി 15 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുള്ളത്.

കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിലെ വ്യത്യസ്ത മേഖലകളെ ഉള്‍പ്പെടുത്തി പ്രദര്‍ശനവും വിപണന മേളയും സംഘടിപ്പിക്കുന്നതിന് ഒരു വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. സ്ഥിരമായി പ്രദര്‍ശന വിപണന മേളകള്‍ സാധ്യമാകുന്നതോടെ ദേശീയ, അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധ നേടാനും ഉത്പന്നങ്ങള്‍ക്ക് വിശാലമായ വിപണി കണ്ടെത്താനും സാധിക്കും. ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെ ന്യൂഡല്‍ഹിയിലെ പ്രദര്‍ശന വിപണന കേന്ദ്രത്തിന്റെ മാതൃകയിലാവും കൊച്ചിയിലും കേന്ദ്രം ഒരുക്കുകയെന്നും മന്ത്രി പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved