
മുംബൈ: തൃശൂര്‍ ആസ്ഥാനമായുള്ള കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഐപിഒയ്ക്ക് (ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്) സെബിയുടെ അനുമതിയായി. പ്രാഥമിക ഓഹരി വില്‍പനയിലൂടെ 1,750 കോടി രൂപ സമാഹരിക്കാനാണ് കല്യാണ്‍ ജ്വല്ലേഴ്സ് ലക്ഷ്യമിടുന്നത്. കേരളം ആസ്ഥാനമായ ഒരു കമ്പനിയുടെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് തരത്തിലായിരിക്കും ഐപിഒ വഴി ഫണ്ട് സമാഹരിക്കുക. ആയിരം കോടി രൂപ പുതിയ ഓഹരികളുടെ വില്‍പനയിലൂടെ സമാഹരിക്കും. 750 കോടി രൂപ ഓഫര്‍ ഫോര്‍ സെയില്‍ വഴിയും സമാഹരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കല്യാണ്‍ ജ്വല്ലേഴ്സിന്റെ പ്രൊമോട്ടര്‍ ആയ ടിഎസ് കല്യാണരാമന്‍ തന്റെ കൈവശമുള്ള 250 കോടി രൂപയുടെ ഷെയറുകള്‍ വില്‍ക്കും എന്നാണ് വിവരം. കല്യാണിലെ നിക്ഷേപകരായ വാര്‍ബര്‍ പിങ്കസ് അവരുടെ 500 കോടി രൂപയുടെ ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴിയും വില്‍ക്കും.
മലയാളികളുടെ സ്ഥാപനങ്ങള്‍ വമ്പന്‍ ഐപിഒകള്‍ പലത് നടത്തിയിട്ടുണ്ട്. എന്നാല്‍ കേരളം ആസ്ഥാനമായി ഒരു കമ്പനി നടത്തുന്ന ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ഐപിഒ ആണ് കല്യാണ്‍ ജ്വല്ലേഴ്സിന്റേത്. റീട്ടെയില്‍ സ്വര്‍ണാഭരണ വില്‍പന രംഗത്ത് മാത്രമുള്ള ഒരു ഇന്ത്യന്‍ കമ്പനി നടത്തുന്ന ഏറ്റവും വലിയ ഐപിഒയും ഇത് തന്നെയാണ്
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മാത്രമായി 107 ഷോറൂമുകളാണ് കല്യാണ്‍ ജ്വല്ലേഴ്സിന് ഉള്ളത്. ഇന്ത്യക്ക് പുറത്ത് ഗള്‍ഫിലും മറ്റുമായി 30 ഷോറൂമുകളും ഉണ്ട്. ആകെ 137 ഷോറൂമുകളാണ് കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഉടമസ്ഥതയില്‍ ഉള്ളത്. 1993 ല്‍ തൃശൂരില്‍ ആയിരുന്നു കല്യാണ്‍ ജ്വല്ലേഴ്സിന്റെ തുടക്കം.
പ്രമോട്ടറും സ്ഥാപകനും ആയ ടിഎസ് കല്യാണരാമന്റേയും കുടുംബത്തിന്റേയും കൈവശമാണ് കല്യാണ്‍ ജ്വല്ലേഴ്സിന്റെ 76 ശതമാനം ഓഹരികളും. ആഗോള നിക്ഷേപക സ്ഥാപനമായ വാബര്‍ബര്‍ പിങ്കസിന്റെ കൈവശമാണ് 24 ശതമാനം ഓഹരികള്‍. പലപ്പോഴായി അവര്‍ കല്യാണ്‍ ജ്വല്ലേഴ്സില്‍ 1,700 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. പ്രവര്‍ത്തന മൂലധന സമാഹരണത്തിനും മറ്റുമായിട്ടാണ് ഇപ്പോള്‍ ഐപിഒ നടത്തുന്നത്. ഓഗസ്റ്റ് 24 ന് ആയിരുന്നു ഇത് സംബന്ധിച്ച് സെബിയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്. ഒക്ടോബര്‍ 15 ന് ആണ് സെബി ഐപിഒ സംബന്ധിച്ച് അനുമതി നല്‍കിയത്.