
കൊച്ചി: കേരളം ആസ്ഥാനമായ കല്യാണ്‍ ജൂവലേഴ്സിന്റെ പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) ചൊവ്വാഴ്ച ആരംഭിച്ചു. വില്പനയ്ക്കുവെച്ച ഓഹരികളില്‍ 60 ശതമാനത്തിനും ആദ്യ ദിനത്തില്‍ തന്നെ ആവശ്യക്കാരായി. റീട്ടെയില്‍ വിഭാഗത്തില്‍ 112 ശതമാനമാണ് സബ്സ്‌ക്രിപ്ഷന്‍. 1,175 കോടി രൂപയാണ് ഐ.പി.ഒ.യിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 352 കോടി രൂപയുടെ ഓഹരികള്‍ 15 ആങ്കര്‍ നിക്ഷേപകര്‍ക്കായി തിങ്കളാഴ്ച തന്നെ അലോട്ട് ചെയ്തിരുന്നു. ഇതില്‍ സിങ്കപ്പൂര്‍ സര്‍ക്കാരിന്റെ നിക്ഷേപക സ്ഥാപനവും ഉള്‍പ്പെടുന്നുണ്ട്. ശേഷിച്ച 823 കോടി രൂപയുടെ ഓഹരികളിലാണ് 497.66 കോടിയുടെ സബ്സ്‌ക്രിപ്ഷന്‍ ആദ്യ ദിനത്തില്‍ തന്നെ നടന്നിരിക്കുന്നത്. റീട്ടെയില്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 410.55 കോടി രൂപയുടെ ഓഹരികളാണ് വകയിരുത്തിയിരുന്നത്. 458.83 കോടി രൂപയുടെ ഓഹരികള്‍ക്ക് ആവശ്യക്കാരായി.
പത്തു രൂപ മുഖവിലയുള്ള ഓഹരികള്‍ 86-87 രൂപ നിലവാരത്തിലാണ് ലഭ്യമാക്കിയിരിക്കുന്നത്. കുറഞ്ഞത് 172 ഓഹരികള്‍ക്ക് അപേക്ഷിക്കാം. 14,964 രൂപയാണ് കുറഞ്ഞ നിക്ഷേപം. ഓഹരി വില്പന വ്യാഴാഴ്ച സമാപിക്കും. 23-ന് അലോട്ട്മെന്റ് പൂര്‍ത്തിയാക്കി 26-ന് ബോംബേ സ്റ്റോക് എക്‌സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക് എക്‌സ്ചേഞ്ചിലും കല്യാണ്‍ ജൂവലേഴ്സ് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമന്‍, മക്കളായ ടി.കെ. സീതാറാം (രാജേഷ്), ടി.കെ. രമേഷ് എന്നിവര്‍ നേതൃത്വം നല്‍കുന്ന കല്യാണ്‍ ജൂവലേഴ്സിന് ഇന്ത്യയിലും ഗള്‍ഫിലുമായി 137 ഷോറൂമുകളുണ്ട്. 10,100.92 കോടി രൂപയാണ് വാര്‍ഷിക വിറ്റുവരവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 142.28 കോടി രൂപയാണ്. പ്രവര്‍ത്തന ചെലവുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഐ.പി.ഒ.യിലൂടെ സമാഹരിക്കുന്ന തുകയില്‍ 800 കോടി രൂപയും ചെലവിടുക. ശേഷിച്ച 375 കോടി രൂപ ടി.എസ്. കല്യാണരാമനും നിക്ഷേപകരായ ഹൈഡെല്‍ ഇന്‍വെസ്റ്റ്മെന്റും (വാര്‍ബര്‍ പിങ്കസ്) വില്‍ക്കുന്നതാണ്.
കല്യാണ്‍ ജൂവലേഴ്സിന്റെ ഐ.പി.ഒ. നിക്ഷേപ യോഗ്യമാണെന്ന് പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളുടെ നിര്‍ദേശം. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഏഞ്ചല്‍ ബ്രോക്കിങ്, കെ.ആര്‍. ചോക്സി തുടങ്ങിയ ഓഹരി ഇടപാട് സ്ഥാപനങ്ങളാണ് സബ്സ്‌ക്രൈബ് ചെയ്യാനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിക്കാന്‍ പറ്റിയ ഓഹരിയാണ് ഇതെന്ന് ജിയോജിത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.