1637 കോടി രൂപയുടെ വിറ്റുവരവ് നേടി കല്യാണ്‍ ജൂവലേഴ്സ്; 94 ശതമാനം വളര്‍ച്ച

August 11, 2021 |
|
News

                  1637 കോടി രൂപയുടെ വിറ്റുവരവ് നേടി കല്യാണ്‍ ജൂവലേഴ്സ്;   94 ശതമാനം വളര്‍ച്ച

കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1637 കോടി രൂപയുടെ വിറ്റുവരവ് നേടി. മുന്‍വര്‍ഷത്തില്‍, ഇതേ പാദത്തില്‍ വിറ്റുവരവ് 782 കോടി രൂപ ആയിരുന്നു. ഇന്ത്യയിലെ വിറ്റുവരവ് 94 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ മിഡില്‍ ഈസ്റ്റിലെ  വിറ്റുവരവിലെ വളര്‍ച്ച 183 ശതമാനമായിരുന്നു.

മുന്‍വര്‍ഷം ഈ പാദത്തില്‍ ഉണ്ടായ ആകമാന നഷ്ടം 86 കോടി രൂപയായിരുന്നപ്പോള്‍ ഈ വര്‍ഷം 51  കോടി രൂപയായി. സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍ കണ്ട ശക്തമായ തിരിച്ച് വരവ് ഏപ്രില്‍ അവസാനം സംസ്ഥാന സര്‍ക്കാരുകള്‍ ലോക് ഡൗണും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നത് വരെ തുടര്‍ന്നു. രണ്ടാം തരംഗത്തെ തുടര്‍ന്ന് മെയ് മാസം മിക്ക ഷോറൂമുകളും അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ജൂണില്‍ തുറക്കാന്‍ കഴിഞ്ഞ ഷോറൂമുകളില്‍ മികച്ച വില്‍പന നടന്നു. വെറും 53 ശതമാനം ഷോറൂമുകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും 2020 ജൂണിനേക്കാള്‍ വിറ്റുവരവില്‍ നേരിയ വര്‍ദ്ധനവ് നേടാന്‍ ഈ ജൂണില്‍ സാധിച്ചു.

ഈ പാദത്തില്‍ ഗള്‍ഫ് മേഖലയിലെ എല്ലാ ഷോറൂമുകളും തന്നെ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആവസാനപാദത്തില്‍ ഉണ്ടായ തിരിച്ചുവരവ് ഏപ്രിലിലും തുടര്‍ന്നു. എന്നാല്‍ ഇന്ത്യയില്‍ കോവിഡ്-19 രണ്ടാം തരംഗം ശക്തമായതോടു കൂടി യാത്രാ നിയന്ത്രണങ്ങള്‍ വരികയും മേഖലയിലെ ബിസിനസിനെ താത്കാലികമായി ബാധിക്കുകയും ചെയ്തു.

കമ്പനിയുടെ ഇ-കൊമേഴ്സ് വിഭാഗമായ കാന്‍ഡിയറും വളര്‍ച്ചയുടെ പാതയിലാണ്. മുന്‍സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 5 കോടി രൂപയായിരുന്ന വിറ്റുവരവ് ഈ  വര്‍ഷം 363 ശതമാനമുയര്‍ന്ന് 24 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ 1.08 കോടി രൂപ കാന്‍ഡിയര്‍ നഷ്ടമുണ്ടാക്കിയപ്പോള്‍ ഈ വര്‍ഷം 31 ലക്ഷം രൂപ ലാഭത്തിലാണ്. കല്യാണ്‍ ജൂവലേഴ്സിന് 21 ഇന്ത്യന്‍ സംസ്ഥാനങ്ങളിലും 4 ഗള്‍ഫ് രാജ്യങ്ങളിലുമായി 146 ഷോറൂമുകളാണ് ഉള്ളത്. കമ്പനിക്ക് മൊത്തം ഏതാണ്ട് അഞ്ചു ലക്ഷം ചതുരശ്രയടിയുടെ റീട്ടെയ്ല്‍ സ്പേസ് ഉണ്ട്.  കഴിഞ്ഞ പാദത്തില്‍, തമിഴ് നാട്ടില്‍ 4, തെലുങ്കാനയില്‍ 3, കേരളത്തിലും ഗുജറാത്തിലും ഓരോന്നു വീതം എന്നിങ്ങനെ 9 ഷോറൂമുകള്‍ പുതുതായി തുറന്നു.

''സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ ഫലം ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് മുകളിലായിരുന്നു. ഈ പാദത്തിലുള്ള തിരിച്ചുവരവ് മുന്‍ വര്‍ഷത്തിനേക്കാളും ശക്തമായിരുന്നു. ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയ കേന്ദ്ര ഗവണ്‍മെന്റ് നടപടി സ്വര്‍ണ വ്യാപാര മേഖലയെ കൂടുതല്‍ സുതാര്യമാക്കുകയും നിയമാനുസൃത വ്യാപാര മേഖലയിലേക്കുള്ള മാറ്റത്തിന് ആക്കം കൂട്ടുകയും ചെയ്യും. അനുകൂലമായ ഈ അവസരം പ്രയോജനപ്പെടുത്താന്‍ നിയമാനുസൃത വ്യാപാര മേഖല തയ്യാറായിക്കഴിഞ്ഞു.''- കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved