ഇന്റര്‍നാഷനല്‍ സ്‌പൈസസ് എക്‌സ്ട്രാക്ട് വമ്പന്‍ കാന്‍കോര്‍ ഇന്റഗ്രേഡിയന്റ്‌സ് വന്‍ വിപുലീകരണത്തിനൊരുങ്ങുന്നു; ചെലവിടുന്നത് 150 കോടി

February 19, 2020 |
|
News

                  ഇന്റര്‍നാഷനല്‍ സ്‌പൈസസ് എക്‌സ്ട്രാക്ട് വമ്പന്‍ കാന്‍കോര്‍ ഇന്റഗ്രേഡിയന്റ്‌സ് വന്‍ വിപുലീകരണത്തിനൊരുങ്ങുന്നു; ചെലവിടുന്നത് 150 കോടി

ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ കൊച്ചി ആസ്ഥാനമായ കാന്‍കോര്‍ ഇന്‍ഗ്രേഡിയന്റ്സ് സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ വന്‍ ബിസിനസ് വിപുലീകരണത്തിന് ഒരുങ്ങുന്നു. 1969ല്‍ സ്ഥാപിതമായ കമ്പനി മൂന്ന് വര്‍ഷത്തേക്കുള്ള വിപുലീകരണ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഫ്ളേവറുകളും ഫ്രാഗ്രന്‍സുകളും ഉല്‍പാദിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഫ്രാന്‍സ് ആസ്ഥാനമായ മാന്‍ ഗ്രൂപ്പിന്റെ ഭാഗമായ കാന്‍കോര്‍ ഇന്‍ഗ്രേഡിയന്റ്സ് ഉല്‍പാദന യൂണിറ്റുകളും പുത്തന്‍ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിനായി കഴിഞ്ഞ നാല് വര്‍ഷത്തില്‍ 150 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. അടുത്ത 36 മാസത്തില്‍ ഇനിയും 150 കോടി രൂപ കൂടി  നിക്ഷേപിക്കുമെന്ന് കമ്പനി സിഇഒയും ഡയറക്ടറുമായ ജീമോന്‍ കോരാ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാന്‍കോര്‍ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ് ഡയറക്ടര്‍ സജി ജോസഫ് വെള്ളാനിക്കാരന്‍, എച്ച്ആര്‍ ഡയറക്ടര്‍ ശന്തനു ബന്ദുരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പദ്ധതി പ്രകാരം കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ കാന്‍കോറിന്റെ ഫാക്ടറികളാണ് വിപുലീകരിക്കുന്നത്. കര്‍ണാടകത്തിലെ ബ്യാഡ്ഗിയില്‍ നിലവിലുള്ള ഫാക്ടറിക്ക് സമീപം പുതിയ ഫാക്ടറി സ്ഥാപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇതിനായി 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അടുത്ത 25-30 വര്‍ഷങ്ങളില്‍ കാന്‍കോറിന്റെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ സംസ്‌കരണ കേന്ദ്രമായിരിക്കും ബ്യാഡ്ഗിയിലേതെന്നും ജീമോന്‍ കോര പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബറേയ്ലിയിലുള്ള രണ്ട് ഫാക്ടറികളുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. അങ്കമാലിയിലുള്ള ഫാക്ടറിയില്‍ ഗവേഷണത്തിനും നൂതന ഉത്പന്നങ്ങള്‍ക്കും ഊന്നല്‍ നല്‍കികൊണ്ടുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും ജീമോന്‍ അറിയിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാന്‍കോര്‍ എല്ലാ പത്ത് വര്‍ഷത്തിലുമൊരിക്കല്‍ അടുത്ത 20 വര്‍ഷത്തേക്കുള്ള ദീര്‍ഘവീക്ഷണത്തോടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. 2004-2005 വര്‍ഷത്തിലാണ് ഇതിന് മുമ്പ് വന്‍ വിപുലീകരണം കമ്പനി നടത്തിയത്. എന്നാല്‍ സുവര്‍ണ ജൂബിലി വര്‍ഷമായ ഈ അവസരത്തില്‍ അടുത്ത 25 വര്‍ഷങ്ങള്‍ മുന്നില്‍ കണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കമ്പനിയുടെ ജീവനക്കാര്‍ക്കും ഓഹരിയുടമകള്‍ക്കും ബിസിനസ് പങ്കാളികള്‍ അടക്കമുള്ളവര്‍ക്കുള്ള സുവര്‍ണ ജൂബിലി സമ്മാനമാണിതെന്നും ജീമോന്‍ വ്യക്തമാക്കി. കാന്‍കോറിന്റെ എല്ലാ ഫാക്ടറികളും പരിപൂര്‍ണമായി പ്രവര്‍ത്തനക്ഷമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ ബറേയ്ലിയിലെ പുതിന തോട്ടങ്ങളില്‍ വിള മെച്ചപ്പെടുത്തുന്നതിനും അതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കുന്നതിനും നിരവധി സുസ്ഥിര കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ കമ്പനി ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ മുളക്, ഇഞ്ചി, മഞ്ഞള്‍, ഇഞ്ചിപ്പുല്ല്, റോസ്മേരി, ട്യൂബ്റോസ് തുടങ്ങിയവയുടെ വിള മെച്ചപ്പെടുത്തുന്നതിന് ഐടി അധിഷ്ഠിത സേവനങ്ങള്‍ക്കും കമ്പനി നേതൃത്വം നല്‍കുന്നു.

Related Articles

© 2025 Financial Views. All Rights Reserved