പാര്‍ലെ ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്ന ബ്രാന്‍ഡുകളില്‍ ഒന്നാമത്

July 11, 2020 |
|
News

                  പാര്‍ലെ ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്ന ബ്രാന്‍ഡുകളില്‍ ഒന്നാമത്

ലോകത്തെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. ഇവിടെ വേരുറപ്പിക്കാന്‍ രാജ്യാന്തര, തദ്ദേശീയ ബ്രാന്‍ഡുകള്‍ തമ്മില്‍ മത്സരിക്കുന്നതില്‍ തെല്ലും അതിശയോക്തിയില്ല. ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റുകയാണ് ബ്രാന്‍ഡുകളുടെ മുഖ്യലക്ഷ്യം. ഇക്കാരണത്താല്‍ വിപണിയിലെ മത്സരവും അതികഠിനം.

ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്ന ബ്രാന്‍ഡുകള്‍ ഏതെല്ലാം?

ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്തുവന്നിരിക്കുകയാണ് ബ്രാന്‍ഡ് ഫൂട്ട്പ്രിന്റ് 2020 റിപ്പോര്‍ട്ട്. ബ്രാന്‍ഡ് ഫൂട്ട്പ്രിന്റ് നടത്തിയ പഠനം പ്രകാരം പാര്‍ലെ ബ്രാന്‍ഡ് ഉത്പന്നങ്ങളാണ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ കണ്‍സ്യൂമര്‍ റീച്ച് പോയിന്റ്സ് (സിആര്‍പി) വിവരങ്ങളാണ് ബ്രാന്‍ഡ് ഫൂട്ട്പ്രിന്റ് റിപ്പോര്‍ട്ടിന് ആധാരം.

റിപ്പോര്‍ട്ട് പ്രകാരം പാര്‍ലെ ബ്രാന്‍ഡ് ഏറ്റവും ഉയര്‍ന്ന സിആര്‍പി (6,029 മില്യണ്‍) കാഴ്ച്ചവെക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധനവ് സിആര്‍പിയില്‍ പാര്‍ലെ കുറിച്ചിട്ടുണ്ട്. അമുല്‍ ബ്രാന്‍ഡാണ് (4,632 സിആര്‍പി മില്യണ്‍) പാര്‍ലെയ്ക്ക് പിന്നില്‍ രണ്ടാമത്. സിആര്‍പി വര്‍ധനവ് 17 ശതമാനം. ക്ലിനിക് പ്ലസ് മൂന്നാം സ്ഥാനം അലങ്കരിക്കുന്നു. 32 ശതമാനം വര്‍ധനവോടെ 4,514 സിആര്‍പി മില്യണ്‍ പോയിന്റ് ക്ലിനിക് പ്ലസിനുണ്ട്.

രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന നാലാമത്തെ ബ്രാന്‍ഡ് ബ്രിട്ടാണിയ ആണ് (4,215 സിആര്‍പി മില്യണ്‍, 29 ശതമാനം വര്‍ധനവ്). ഗാരി ബ്രാന്‍ഡിനെ അഞ്ചാം സ്ഥാനത്തും കാണാം (2,438 മില്യണ്‍, 12 ശതമാനം വര്‍ധനവ്). ഈ വര്‍ഷം അഞ്ചു പുതിയ ബ്രാന്‍ഡുകള്‍ കൂടി സിആര്‍പി ബില്യണ്‍ ക്ലബില്‍ പേരുചേര്‍ത്തു. ഡാബുര്‍, വിം, സണ്‍ഫീസ്റ്റ്, ബ്രൂക്ക് ബോണ്ട്, പതാഞ്ജലി കമ്പനികളാണ് പട്ടികയില്‍ കടന്നുവന്നിരിക്കുന്ന അഞ്ചു ബ്രാന്‍ഡുകള്‍.

ഇതേസമയം, 2019 -ല്‍ 21 ബ്രാന്‍ഡുകള്‍ സിആര്‍പി ബില്യണ്‍ ക്ലബില്‍ കടന്നിരുന്നിരുന്നു. 2018, 2017 വര്‍ഷങ്ങളില്‍ 16 വീതം ബ്രാന്‍ഡുകളാണ് ബില്യണ്‍ ക്ലബില്‍ ഇടംകണ്ടെത്തിയത്. എന്തായാലും സിആര്‍പി പട്ടികയിലെ ആദ്യ 50 ബ്രാന്‍ഡുകളില്‍ 36 ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ നിന്നുള്ളതാണ്. 14 ആഗോള ബ്രാന്‍ഡുകളും പട്ടികയില്‍ തുടരുന്നു. രാജ്യത്തെ കുടുംബങ്ങള്‍ എത്രതവണ ഒരു ബ്രാന്‍ഡ് തിരഞ്ഞെടുക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് സിആര്‍പി വിവരങ്ങള്‍ കണക്കാക്കുന്നത്.

ഇക്കുറി രാജ്യത്തെ ഉപഭോക്താക്കള്‍ വിവിധ ബ്രാന്‍ഡുകളിലേക്ക് കണ്ണെത്തിച്ചതായാണ് ബ്രാന്‍ഡ് ഫൂട്ട്പ്രിന്റ് റിപ്പോര്‍ട്ട് നല്‍കുന്ന വിവരം. ഇക്കാരണത്താല്‍ റിപ്പോര്‍ട്ടില്‍ 57 ശതമാനം ബ്രാന്‍ഡുകളും സിആര്‍പി വളര്‍ച്ച രേഖപ്പെടുത്തി. ഉയര്‍ന്ന സിആര്‍പി വളര്‍ച്ച കുറിച്ച ബ്രാന്‍ഡുകളില്‍ കോള്‍ഗേറ്റാണ് ഏറ്റവും മുന്നില്‍. 88 ശതമാനം വളര്‍ച്ചയാണ് കോള്‍ഗേറ്റ് കാഴ്ച്ചവെച്ചത്.

ഭക്ഷണ വിഭാഗത്തില്‍ ബ്രിട്ടാണിയയാണ് ഏറ്റവും കൂടുതലായി ആശ്രയിക്കപ്പെടുന്ന രണ്ടാമത്തെ ബ്രാന്‍ഡ്. ഈ വിഭാഗത്തില്‍ ആശിര്‍വാദും നിലമെച്ചപ്പെടുത്തി. 55 ശതമാനം സിആര്‍പി വളര്‍ച്ച ആശിര്‍വാദിനുണ്ട്. പേഴ്സണല്‍ കെയര്‍, ഭക്ഷണ വിഭാഗങ്ങളില്‍ 34 ശതമാനം സിആര്‍പി വളര്‍ച്ചയോടെയാണ് ഡാബുര്‍ മുന്നോട്ടു വന്നിരിക്കുന്നത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന അഞ്ചാമത്തെ സൗന്ദര്യവര്‍ധക, ആരോഗ്യ ബ്രാന്‍ഡാണ് ഡാബുര്‍.

Related Articles

© 2025 Financial Views. All Rights Reserved