
ബെംഗളൂരു: എയ്‌റോസ്‌പേസ്, പ്രതിരോധം, ഇലക്ട്രിക് വാഹനങ്ങള്‍, ഡാറ്റാ സെന്ററുകള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ 23ഓളം കമ്പനികള്‍ കര്‍ണാടകയില്‍ 28000 കോടി മുതല്‍ മുടക്കും. ഇതിലൂടെ 15000 പേര്‍ക്ക് നേരിട്ട് തൊഴിലവസരങ്ങള്‍ ലഭ്യമാകും. 20 കമ്പനികളുടെ പ്രതിനിധികള്‍ ഇത്സംബന്ധിച്ച കരാറുകള്‍ സംസ്ഥാന വ്യവസായ വകുപ്പുമായി ഒപ്പുവെച്ചു. ഇന്‍വെസ്റ്റ് കര്‍ണാടക കോണ്‍ക്ലേവില്‍നടന്ന ചടങ്ങില്‍ സംസ്ഥാന മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ,ഉപമുഖ്യമന്ത്രി സി എന്‍ അശ്വത് നാരായണന്‍, വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാനുള്ള യുഎസ് ആസ്ഥാനമായുള്ള സി 4 വി (4,015 കോടി രൂപ), ദ്രവീകൃത പ്രകൃതിവാതക ടെര്‍മിനല്‍ സ്ഥാപിക്കാന്‍ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള എല്‍എന്‍ജി അലയന്‍സ് (2,250 കോടി രൂപ), അദാനി ഡാറ്റാ സെന്റര്‍ (5,000 കോടി രൂപ) എന്നിവയാണ് സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ കരാറില്‍ ഒപ്പുവച്ച മുന്‍നിര കമ്പനികള്‍. നേരത്തെ കോവിഡ് മഹാമാരി സംസ്ഥാനത്തെ സാരമായി ബാധിച്ചിരുന്നു. അതേസമയം ഇന്ന് സംസ്ഥാനത്ത് നിക്ഷേപം നടത്താനുള്ള കമ്പനികളുടെ ആത്മവിശ്വാസം കരാറുകളില്‍ പ്രകടമാണെന്ന് യെദിയൂരപ്പ ചടങ്ങില്‍ പറഞ്ഞു.
കഴിഞ്ഞ 14-15 മാസങ്ങള്‍ക്കിടെ 77,000കോടി രൂപയുടെ നിക്ഷേപ നിര്‍ദേശങ്ങളുള്ള 520 പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ്അനുമതി നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുകൂടാതെ 23,000 കോടി രൂപയുടെ നിക്ഷേപ നിര്‍ദേശങ്ങള്‍ അംഗീകാരത്തിനായി തയ്യാറെടുക്കുന്നുമുണ്ട്.ഇതോടെ സംസ്ഥാനത്തെ മൊത്തം നിക്ഷേപ നിര്‍ദേശങ്ങള്‍ ഒരു ലക്ഷം കോടി രൂപയായി ഉയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൊത്തം നിക്ഷേപത്തില്‍ പ്രമുഖ ഇന്ത്യന്‍, ആഗോള സ്ഥാപനങ്ങളില്‍ നിന്നുള്ള 28,600 കോടി രൂപയുടെ നിര്‍ദേശങ്ങള്‍ കഴിഞ്ഞ ആറ് മാസത്തിനിടെ പകര്‍ച്ചവ്യാധികള്‍ക്കിടയിലാണ് ലഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.