
ബെംഗളൂരു: 22400 കോടി രൂപയുടെ മൂന്ന് വ്യത്യസ്ത നിക്ഷേപങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കി. ഇലക്ട്രിക് വെഹിക്കിളിന്റെയും ലിഥിയം അയണ്‍ ബാറ്ററിയുടെയും നിര്‍മാണവുമായി ബന്ധപ്പെട്ടാണ് നിക്ഷേപങ്ങള്‍. ഇതുവഴി 5000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് സര്‍ക്കാര്‍ പറയുന്നു. എലസ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ടു പദ്ധതികളും ഹ്യൂനെറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒരു പദ്ധതിക്കുമാണ് അനുമതി. മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഉന്നത അധികാര സ മിതിയാണ് അനുമതി നല്‍കിയത്.
കൊറോണ കാരണമായി കടുത്ത പ്രതിസന്ധിയിലാണ് കര്‍ണാടക. ഇതില്‍ നിന്ന് മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കിയത്. പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നതും നേട്ടമാണ്. പുനരുപയോഗ ഊര്‍ജ മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇലക്ട്രിക് വെഹിക്കിള്‍ ഹബ്ബായി കര്‍ണടാകയെ മാറ്റുകയാണ് യെഡിയൂരപ്പ സര്‍ക്കാരിന്റെ ലക്ഷ്യം.
അതേസമയം, ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വീസ് കാബ് കമ്പനിയായ ഒല തമിഴ്നാട്ടില്‍ വന്‍ നിക്ഷേപത്തിന് തീരുമാനിച്ചിട്ടുണ്ട്. ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മാണ പ്ലാന്റ് ഒരുക്കുന്നതിനാണ് നിക്ഷേപം. 2400 കോടി രൂപയുടെ നിക്ഷേപത്തിനാണ് ഒല ഒരുങ്ങുന്നത്. 10000 പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് പുതിയ കമ്പനി.
കൊറോണ കാരണമായുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും ശ്രമിച്ചുവരികയാണ്. കൂടുതല്‍ നിക്ഷേപങ്ങള്‍ ലഭിക്കുന്നതിന് നിയമങ്ങളില്‍ ചില സംസ്ഥാനങ്ങള്‍ ഇളവ് വരുത്തിയിരുന്നു. നടപടികള്‍ ലളിതമാക്കുകയും ചെയ്തിട്ടുണ്ട്. കൊറോണയുടെ ഉല്‍ഭവം ചൈനയിലാണ് എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ചൈന വിട്ട് പോരുന്ന ഒട്ടേറെ കമ്പനികളുണ്ട്. ഇവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പല സംസ്ഥാനങ്ങളുടെയും ശ്രമങ്ങള്‍.