
സംസ്ഥാനത്തെ ഐടി കമ്പനികളോട് വര്‍ക്ക് ഫ്രം ഹോം സംവിധാനം 2022 ഡിസംബര്‍ വരെ നീട്ടണമെന്ന നിര്‍ദേശവുമായി കര്‍ണാടക സര്‍ക്കാര്‍. ബംഗളുരു മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണമുള്ള ഗതാഗതക്കുരുക്ക് മുന്‍നിര്‍ത്തിയാണ് സര്‍ക്കാറിന്റെ ഈ ആവശ്യം. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ കെആര്‍ പുരം വരെയുള്ള ഔട്ടര്‍ റിംഗ് റോഡുകളില്‍ ബിഎംആര്‍സിഎല്‍ മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആംഭിക്കുകയാണ്. 1.5 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടു നിന്നേക്കാം. ധാരാളം വലിയ ടെക് പാര്‍ക്കുകളും ഐടി കമ്പനി ക്യാമ്പസുകളുമുള്ള പ്രദേശമായതിനാല്‍ തന്നെ ദിവസം മുഴുവന്‍ വലിയ അളവിലുള്ള ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്് എന്നും നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനീസിന് അയച്ചിരിക്കുന്ന കത്തില്‍ ഇലക്ട്രോണിക്സ് ഐടി വകുപ്പ് വ്യക്തമാക്കുന്നു.
കോവിഡ് വ്യാപന സാഹചര്യത്തില്‍ ഐടി കമ്പനികള്‍ നടപ്പിലാക്കിയ വര്‍ക്ക് ഫ്രം ഹോം സംവിധാനം കാരണം ഈ ഗതാഗതക്കുരുക്കിന് ചെറിയ ആശ്വാസമുണ്ടായിരുന്നുവെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. മെട്രോ നിര്‍മാണം കൂടി ആരംഭിക്കുന്ന സാഹചര്യത്തില്‍ ഒആര്‍ആര്‍ പ്രദേശത്തെ ഗതാഗത നിയന്ത്രണം ഏറെ പ്രയാസകരമായ കാര്യമായി മാറും. ഐടി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം മാറ്റി ഓഫീസുകളില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുകയാണ് ചെയ്യുക.
ഒആര്‍ആറിലൂടെ സുരക്ഷിതമായി ജനങ്ങള്‍ക്ക് സഞ്ചാര സൗകര്യം ഉറപ്പാക്കുന്നതിനായി കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ ബസ് പ്രയോറിറ്റി ലേനുകളും (ബിപിഎല്‍), സൈക്കിള്‍ ലേനുകളും തുടങ്ങിയ ബദല്‍ സംവിധാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഈ നടപടികള്‍ക്കെല്ലാം പുറമേയാണ് 2022 ഡിസംബര്‍ മാസം വരെ ഒആര്‍ആര്‍ പ്രദേശത്തുള്ള ഐടി കമ്പനികളോട് വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടരുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം നിര്‍ബന്ധമായും തൊഴിലിടത്തില്‍ വന്ന് ജോലി എടുക്കേണ്ട വ്യക്തികള്‍ യാത്രയ്ക്കായ് ബസ് സര്‍വീസ് ഉപയോഗപ്പെടുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നു. അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് ഒആര്‍ആര്‍ പ്രദേശത്തുള്ള ഐടി കമ്പനികള്‍ക്ക് ഈ ഉപദേശം കൈമാറാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, ഭാവിയില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കുവാന്‍ ഇത് സഹായിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്.