
ന്യൂഡല്‍ഹി: മൈസൂര്‍ ആസ്ഥാനമായുള്ള എന്‍ഡ്-ടു-എന്‍ഡ്, ഐഒടി സൊല്യൂഷനുകള്‍ നല്‍കുന്ന ഇന്റഗ്രേറ്റഡ് ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് കമ്പനിയായ കെയ്ന്‍സ് ടെക്നോളജി (കെടിഐഎല്‍) പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) ധനസമാഹരണത്തിനായി സെബിക്ക് പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം, 650 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ പുതിയ ഇഷ്യൂവും, ഒരു പ്രൊമോട്ടറും നിലവിലുള്ള ഓഹരിയുടമയും ചേര്‍ന്ന് 7.2 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും (ഓഎഫ്എസ്) ഉള്‍പ്പെടുന്നു.
പ്രമോട്ടര്‍ രമേഷ് കുഞ്ഞിക്കണ്ണന്റെ 37 ലക്ഷം ഓഹരികളും, നിലവിലുള്ള ഓഹരിയുടമ ഫ്രെനി ഫിറോസ് ഇറാനിയുടെ 35 ലക്ഷം ഓഹരികളും ഓഫര്‍ ഫോര്‍ സെയിലില്‍ ഉള്‍പ്പെടുന്നു. യോഗ്യരായ ജീവനക്കാരുടെ സബ്‌സ്‌ക്രിപ്ഷനായി 1.5 കോടി രൂപ വരെ സംവരണം ചെയ്തിട്ടുണ്ട്. റൈറ്റ്‌സ് ഇഷ്യൂ, പ്രൈവറ്റ് പ്ലേസ്‌മെന്റ്, പ്രിഫറന്‍ഷ്യല്‍ ഓഫര്‍, അല്ലെങ്കില്‍ 130 കോടി രൂപ വരെ സമാഹരിക്കാവുന്ന മറ്റേതെങ്കിലും രീതി, എന്നിവയുള്‍പ്പെടെയുള്ള മറ്റൊരു ഇഷ്യൂ കമ്പനി പരിഗണിച്ചേക്കാം. അത്തരം പ്ലെയ്‌സ്‌മെന്റ് പൂര്‍ത്തിയായാല്‍, പുതിയ ഇഷ്യൂ സൈസ് കുറയും.
പുതിയ ഇഷ്യൂവില്‍ നിന്നുള്ള 130 കോടി രൂപ വായ്പ തിരിച്ചടയ്ക്കാനും, 98.93 കോടി രൂപ മൈസൂരിലെയും മനേസറിലെയും നിര്‍മ്മാണ സൗകര്യങ്ങള്‍ക്കായും, മൂലധന ചെലവുകള്‍ക്കായും വിനിയോഗിക്കും. കര്‍ണാടകയിലെ ചാമരാജനഗറില്‍ പുതിയ പ്‌ളാന്റ് സ്ഥാപിക്കുന്നതിനായി കെയ്ന്‍സ് ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്ങിന്റെ നിക്ഷേപത്തിനായി 149.30 കോടി രൂപ ഉപയോഗിക്കാനും കമ്പനി പദ്ധതിയിടുന്നു. പ്രവര്‍ത്തന മൂലധന ആവശ്യത്തിനും, പൊതു കോര്‍പ്പറേറ്റ് നിര്‍ദ്ദേശങ്ങള്‍ക്കും വേണ്ടി 114.74 കോടി രൂപ വരെ ഉപയോഗിക്കും.