
തിരുവനന്തപുരം: അധികമായി അനുവദിച്ച വായ്പ കിട്ടുന്നതിനുള്ള നിബന്ധനങ്ങള്‍ ലഘൂകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. വൈദ്യുതി വിതരണം സ്വാകര്യവത്ക്കരിക്കണമെന്നത് ഉള്‍പ്പടെയുള്ള നിബന്ധനകള്‍ പ്രായോഗികമല്ലെന്ന് സംസ്ഥാനം വ്യക്തമാക്കി. കൊവിഡ് കാലത്ത് അനുവദിക്കുന്ന ആനുകൂല്യത്തിന് കൂടുതല്‍ നിബന്ധനകള്‍ വയ്ക്കരുതെന്നും സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു.
വായ്പ എടുക്കാനുള്ള പരിധി ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി ഉയര്‍ത്തിയത് സംസ്ഥാനത്തിന് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ അധികമായി അനുവദിച്ച രണ്ട് ശതമാനം വായ്പ എടുക്കാന്‍ കേന്ദ്രം വെച്ചത് കടുത്ത നിബന്ധനകളാണ്. വായ്പയായി കിട്ടുന്ന തുക മൂലധനനിക്ഷേപത്തിന് ഉപയോഗിക്കണമെന്നതുള്‍പ്പടെ ചില നിര്‍ദ്ദേശങ്ങളില്‍ കേരളത്തിനെതിര്‍പ്പില്ല. എന്നാല്‍ വൈദ്യുതി വിതരണകമ്പനികളുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം, വിതരണ കമ്പനി സ്വകാര്യവത്ക്കരിക്കണം, സബ്‌സിഡി നേരിട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കണം എന്നി നിദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. സ്വകാര്യവത്ക്കരണം അംഗീകരിക്കില്ലെന്ന നിലപാടില്‍ നിന്ന് സംസ്ഥാനം പിന്നോട്ട് പോകില്ല. കേന്ദ്രം നിലപാട് കടുപ്പിച്ചാല്‍ ബിജെപി ഇതര സംസ്ഥാനങ്ങളുടെ പിന്തുണ അടക്കം തേടാനും സംസ്ഥാനത്തിന് ആലോചനയുണ്ട്.