കേരള ബാങ്കിന്റെ ആകെ നിക്ഷേപത്തില്‍ വര്‍ധന; 9.27 ശതമാനം ഉയര്‍ന്ന് 66,731 കോടി രൂപയിലെത്തി

September 30, 2021 |
|
News

                  കേരള ബാങ്കിന്റെ ആകെ നിക്ഷേപത്തില്‍ വര്‍ധന; 9.27 ശതമാനം ഉയര്‍ന്ന് 66,731 കോടി രൂപയിലെത്തി

2021 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കേരള ബാങ്കിന്റെ ആകെ നിക്ഷേപത്തില്‍ വര്‍ധന. 61,071 കോടിയായിരുന്ന നിക്ഷേപം 9.27 ശതമാനം ഉയര്‍ന്ന് 66,731 കോടി രൂപയിലെത്തി. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പ്രവര്‍ത്തന ലാഭത്തില്‍ 312 കോടിയോളം രൂപയുടെ കുറവുണ്ടായി. 374 കോടിയില്‍ നിന്ന് 61.99 കോടി രൂപയായി ആണ് ബാങ്കിന്റെ പ്രവര്‍ത്തന ലാഭം കുറഞ്ഞത്. 2021 മാര്‍ച്ച് വരെ 1,06,396 കോടിയുടെ ഇടപാടുകളാണ് ബാങ്ക് നടത്തിയത്.

ലയന സമയത്തെ നിഷ്‌ക്രിയ ആസ്ഥിയിലും സഞ്ചിത നഷ്ടത്തിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുറവുണ്ടായി. 1151 കോടി രൂപയായിരുന്ന സഞ്ചിത നഷ്ടം 714 കോടിയായി കുറഞ്ഞു. 25 ശതമാനമായിരുന്ന നിഷ്‌ക്രിയ ആസ്ഥി 14.40 ശതമാനത്തിലെത്തി.
ഇക്കാലയളവില്‍ 18,200 കോടിയോളം രൂപയാണ് വായ്പ ഇനത്തില്‍ ബാങ്ക് വിതരണം ചെയ്തത്. 2019-20ല്‍ 4315 കോടിയായിരുന്ന നബാര്‍ഡ് പുനര്‍ വായ്പ സൗകര്യം 2020-21ല്‍ 6058 കോടിയായി ഉയര്‍ന്നു. മൂലധന സ്വയം പര്യാപ്തതയിലും ബാങ്കിന് 3.92 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. കേരള ബാങ്ക് രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ പൂര്‍ണ സാമ്പത്തിക വര്‍ഷമായിരുന്നു 2020-21.

സഹകരണ ബാങ്കുകളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഓക്ടോബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. 2021 മാര്‍ച്ച് 31 വരെ കുടിശികയായ വായ്പകളാണ് പരിഗണിക്കുന്നത്. സംസ്ഥാന സഹകരണ ബാങ്ക്, മലപ്പുറം ജില്ല സഹകരണ ബാങ്ക്, സഹകരണ കാര്‍ഷിക വികസന ബാങ്കുകള്‍, ഹൗസിങ് സഹകരണ സംഘങ്ങള്‍ എന്നിവയ്ക്ക് ഒറ്റത്തവണ തീര്‍പ്പ് ബാധകമല്ല.

Related Articles

© 2025 Financial Views. All Rights Reserved