
തിരുവനന്തപുരം: കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി നിലവില്‍ വന്നു. സിപിഎം സംസ്ഥാന സമിതി അംഗമായ ഗോപി കോട്ടമുറിക്കലിനെ കേരള ബാങ്ക് ഭരണസമിതിയുടെ ചെയര്‍മാനായും എംകെ കണ്ണനെ വൈസ് ചെയര്‍മാനായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ മികച്ച നേട്ടമാണ് കേരള ബാങ്ക് സ്വന്തമാക്കിയിരിക്കുന്നത്.
ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ രേഖപ്പെടുത്തിയിരിക്കുന്ന പ്രവര്‍ത്തന ലാഭം 270 കോടി രൂപയാണ്. 40,265 കോടി രൂപയുടെ വായ്പയും അനുവദിച്ചിട്ടുണ്ട്. അതുപോലെ 62,450 കോടി രൂപയുടെ നിക്ഷേപവും നേടാനായിട്ടുണ്ട്.
കേരളത്തിലെ നമ്പര്‍ വണ്‍ ബാങ്കായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. റിസര്‍വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പൊഫഷണല്‍ രീതിയില്‍ കേരളബാങ്ക് പ്രവര്‍ത്തിക്കും. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്ക് പങ്കാളിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്ക് ആദ്യ ഭരണസമിതി അധികാരമേറ്റെടുത്ത ചടങ്ങിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കേരള ബാങ്ക് രൂപീകൃതമായശേഷം കഴിഞ്ഞ ഡിസംബര്‍ മുതല്‍ മാര്‍ച്ചുവരെയുള്ള നാലുമാസം കൊണ്ട് നേടിയത് 374.75 കോടി രൂപയുടെ ലാഭമാണ്. ജില്ലാ ബാങ്കുകള്‍ ലയിച്ചശേഷമുള്ള കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ആദ്യ ആസ്തി ബാധ്യതാ പത്രം പ്രസിദ്ധീകരിച്ചപ്പോള്‍ ബാങ്കിന്റെ സഞ്ചിത നഷ്ടം 776 കോടി രൂപയായി താഴ്ത്താന്‍ കഴിഞ്ഞിരുന്നു.
എന്താണ് കേരള ബാങ്ക്?
കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരള ബാങ്ക് എന്ന കേരളീയരുടെ സ്വന്തം ബാങ്ക് 2019 നവംബര്‍ ഒന്നാം തീയതി പ്രാബല്യത്തില്‍ എത്തി. മുമ്പ് കേരളത്തിന്റെ സ്വന്തം ബാങ്ക് എന്നറിയപ്പെട്ടിരുന്ന എസ്ബിറ്റിയെ കേന്ദ്ര സര്‍ക്കാര്‍ എസ്ബിഐയുമായി ലയിപ്പിച്ചതോടെ കേരളത്തിന് ആശങ്കയുണ്ടായിരുന്നു. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയിരുന്നത് എസ്ബിടി ആയിരുന്നു. കൃഷി, ചെറുകിട വ്യവസായം, സ്വയം തൊഴില്‍ സംരഭങ്ങള്‍ക്ക് എസ്ബിടിയില്‍ നിന്ന് വായ്പകള്‍ യഥേഷ്ടം നല്‍കിയിരുന്നു. എന്നാല്‍ ലയനത്തിനുശേഷം കേരളത്തിന് പുതിയ ബാങ്കില്‍ നിന്ന് എത്രമാത്രം പരിഗണന ലഭിക്കുമെന്ന സശയം ഉണ്ടായിതുന്നു. ഇതോടെയാണ് കേരള ബാങ്ക് എന്ന കാഴ്ചപ്പാട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.
എങ്ങനെയാണ് കേരള ബാങ്കിന്റെ രൂപീകരണം ?
ത്രിതല സംവിധാനമാണ് സഹകരണ ബാങ്കിന്റെ പൊതുഘടന. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് സഹകരണ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ചുകൊണ്ടാണ് ബാങ്കിന്റെ രൂപീകരണം. 804 ബ്രാഞ്ചുകളുടെ ലയനമാണ് പൂര്‍ത്തികരിച്ചത്.
കേരള ബാങ്കിന്റെ സാമ്പത്തിക അടിത്തറ
സംസ്ഥാന സഹകരണ ബാങ്കിന് ഏകദേശം 7000 കോടി രൂപയും ജില്ലാബാങ്കുകളില്‍ 47047 കോടിരൂപയുടെ നിക്ഷേപവുമുണ്ട്. 650 ബില്ല്യണ്‍ രൂപയുടെ നിക്ഷേപമാണ് കേരള ബാങ്കില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഒരു വാണിജ്യ ബാങ്കായി തന്നെയാണ് കേരള ബാങ്കിനെ സര്‍ക്കാര്‍ രൂപീകരിക്കുന്നത്.
എന്തൊക്കെ ഗുണങ്ങള്‍ കേരള ബാങ്കിലൂടെ?
ത്രിതല ബാങ്കിങ് മേഖലയില്‍ നിന്ന് ദ്വിതല ബാങ്കിങ് മേഖലയിലേക്കാണ് കേരളം എത്തിയത്. സഹകരണ ബാങ്കിങ് മേഖലയെ കേരള ബാങ്കായി മാറ്റിയതോടെ വായ്പാ പലിശ നിരക്കില്‍ നല്ല കുറവുണ്ടായി. വായ്പക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണിത്. സംസ്ഥാന സഹകരണ ബാങ്കുകളിലേക്കും ജില്ലാ സഹകരണ ബാങ്കുകളിലേക്കുമുള്ള രണ്ടു ചാര്‍ജുകളുമാണ് ലയനത്തോടെ ഇല്ലാതായത്.