
റിയാദ്: മലയാളിയായ എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് റീട്ടെയില്‍ മേഖലയില്‍ പുതിയ ചരിത്രം കുറിക്കുന്നു. സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ലുലു ഗ്രൂപ്പിന്റെ ഓഹരികള്‍ വാങ്ങാന്‍ ഒരുങ്ങുന്നു എന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്തിടെയാണ് അബുദാബി സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള നിക്ഷേപ കമ്പനി എഡിക്യു 1.1 ബില്യണ്‍ ഡോളര്‍ (8,000 കോടി രൂപ) ലുലു ഗ്രൂപ്പില്‍ നിക്ഷേപിച്ചത്. പിഐഎഫ് എത്ര രൂപയായിരിക്കും നിക്ഷേപിക്കുക എന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. സൗദി സര്‍ക്കാരിന് കീഴിലുള്ള നിക്ഷേപക ഫണ്ട് ആണ് പിഐഫ്. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് പിഐഎഫിന്റെ ചെയര്‍മാന്‍. ലോകത്തിലെ പല മുന്‍നിര കമ്പനികളിലും നിക്ഷേപങ്ങള്‍ നടത്തുന്നവരാണ് ഇവര്‍.
പിഐഎഫിന്റെ കൈവശമുള്ള നിക്ഷേപക ഫണ്ട് 360 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുകയാണെങ്കില്‍ ഏതാണ്ട് 26 ലക്ഷം കോടി രൂപ! റിലയന്‍സ് റീട്ടെയിലില്‍ ഓഹരി നിക്ഷേപനം നടത്താന്‍ പിഐഎഫ് നീക്കം നടത്തിയിരുന്നതായി വാര്‍ത്തകളുണ്ട്.
മലയാളിയായ എംഎ യൂസഫലി സ്ഥാപിച്ച ലുലു ഗ്രൂപ്പ് ഇപ്പോള്‍ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയ്ക്ക് ഉടമയാണ്. 7.4 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ് ലുലു ഗ്രൂപ്പിന്റെ ടേണ്‍ ഓവര്‍. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 55,800 കോടി രൂപ. ഏപ്രില്‍ മാസത്തില്‍ ആയിരുന്നു ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികള്‍ അബുദാബിയിലെ എഡിക്യു സ്വന്തമാക്കിയത്. അബുദാബി സര്‍ക്കാരിന് കീഴിലുളള എഡിക്യു നിക്ഷേപിച്ചത് 1.1 ബില്യണ്‍ ഡോളര്‍ (8,000 കോടി രൂപ) ആയിരുന്നു. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദബ് ബിന്‍ സയിദിന്റെ സഹോദരന്‍ ഷെയ്ഖ് തഹ്നൗന്‍ ബിന്‍ സയിദ് അല്‍ നഹ്യാന്‍ ആണ് എഡിക്യുവിന്റെ ചെയര്‍മാന്‍.
എഡിക്യുവിന്റെ നിക്ഷേപം ഗള്‍ഫ് മേഖലയില്‍ ലുലു ഗ്രൂപ്പിന്റെ പുതിയ വിപണികള്‍ വ്യാപിപ്പിക്കുന്നതിനായിട്ടായിരുന്നു. ഖത്തറിലും ഇന്ത്യയിലും ഒഴികെയുള്ള ലുലു ഗ്രൂപ്പ് ബിസിനസ്സുകളിലേക്കായിരുന്നു ഇത്. ജോര്‍ദാന്‍, ഇറാഖ്, മൊറോക്കോ എന്നിവടങ്ങളില്‍ ബിസിനസ് വ്യാപിപ്പിക്കാന്‍ ഈ നിക്ഷേപം ഉപയോഗിക്കും എന്നാണ് വിവരം.
പിഐഎഫിന്റെ നിക്ഷേപം സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ലുലു ഗ്രൂപ്പ് ഇതുവരെ തയ്യാറായിട്ടില്ല. അഭ്യൂഹങ്ങളോട് തത്കാലം പ്രതികരിക്കാനില്ലെന്നാണ് ലുലു ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ മാധ്യമങ്ങളെ അറിയിച്ചത്. പുതിയ ഇടപാടുകള്‍ നടക്കുമ്പോള്‍ ഔദ്യോഗികമായി തന്നെ അറിയിക്കാറുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
പശ്ചിമേഷ്യയിലെ രാജകുടുംബങ്ങളും വന്‍ നിക്ഷേപകരും വിശ്വാസത്തോടെ നിക്ഷേപത്തിനെത്തുന്നത് ലുലു ഗ്രൂപ്പിന് കൂടുതല്‍ ശക്തി പകരും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. നിലവില്‍ 22 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുകയാണ് ലുലു ഗ്രൂപ്പിന്റെ റീട്ടെയില്‍ ശൃംഖല. 194 ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ഇവര്‍ക്കുള്ളത്. അരലക്ഷത്തിലധികം ജീവനക്കാരാണ് ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യുന്നത്.