കേരളത്തിന് 16000 കോടി രൂപയുടെ അധിക വായ്പയ്ക്ക് ഉടന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

December 30, 2020 |
|
News

                  കേരളത്തിന് 16000 കോടി രൂപയുടെ അധിക വായ്പയ്ക്ക് ഉടന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: കേരളത്തിന് 16000 കോടി രൂപയോളം അധിക വായ്പയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി ഉടന്‍. ഈസ് ഓഫ് ഡൂയിങ് ബിസിനസ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി നടപ്പാക്കി കേന്ദ്രസര്‍ക്കാരിനു രേഖകള്‍ സമര്‍പ്പിച്ചതോടെ കേരളത്തിന്റെ കടമെടുപ്പു പരിധി 2% വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഡിപ്പാര്‍ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ധനമന്ത്രാലയത്തിനു ശുപാര്‍ശ നല്‍കി. ഏകദേശം 2500 കോടി രൂപയോളം ഉടന്‍ അനുവദിക്കും. കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങളാണ് ഇതുവരെ മാനദണ്ഡങ്ങള്‍ പൂര്‍ണമായി നടപ്പാക്കിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് പുതുവര്‍ഷത്തില്‍ ആശ്വാസമേകുന്നതാണ് ഈ നടപടി. വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ 3 മാസം കൊണ്ടാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായുള്ള 182 മാനദണ്ഡങ്ങള്‍ നടപ്പാക്കിയത്. ജില്ലാതലത്തില്‍ വ്യവസായ സംരംഭങ്ങള്‍ക്ക് അതിവേഗ അനുമതി ഉറപ്പാക്കുക, വ്യവസായങ്ങളുടെ അനുമതി പുതുക്കാന്‍ ഓട്ടമാറ്റിക് സൗകര്യമൊരുക്കുക, കേന്ദ്രീകൃത പരിശോധനാ സംവിധാനം നടപ്പാക്കുക എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയത്. 21 വകുപ്പുകളില്‍ 45 മേഖലകളിലായി ചട്ടങ്ങള്‍ ഉള്‍പ്പെടെ പരിഷ്‌കരിച്ചു.

മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 3 ശതമാനമാണു സംസ്ഥാനങ്ങള്‍ക്കു വായ്പയെടുക്കാവുന്നത്. കേരളത്തിന് പ്രതിവര്‍ഷം 27130 കോടി രൂപയായിരുന്നു ഈ പരിധി. കോവിഡ് പ്രതിസന്ധി പരിഗണിച്ചു കേന്ദ്രം ഇത് 5% ആക്കിയിരുന്നു. ഇതോടെ കേരളത്തിനു കടമെടുക്കാവുന്ന തുക 45217 കോടിയായി . അധിക 2 ശതമാനത്തിന്റെ പകുതി 4 വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെടുത്തിയാണു കേന്ദ്രം അനുവദിക്കുന്നത്. ഇതില്‍ ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കിയതിനു കേരളത്തിനു നേരത്തേ 2,261 കോടി രൂപ ലഭിച്ചിരുന്നു.

തദ്ദേശ സ്ഥാപനങ്ങളുടെ വരുമാന വര്‍ധന ഉറപ്പാക്കുക, വൈദ്യുതി വിതരണം ലാഭകരമാക്കുക തുടങ്ങിയവയ്ക്കുള്ള പദ്ധതികള്‍ നിശ്ചിത സമയത്തു നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്കും അധികവായ്പ അനുവദിക്കുമെന്നു ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ കെട്ടിട നികുതി വര്‍ധിപ്പിക്കുന്നത് ഒഴിച്ചുള്ള വരുമാന വര്‍ധന നടപടികള്‍ കേരളം പൂര്‍ത്തിയാക്കി. സുഗമമായ ബിസിനസിനു പറ്റിയ പദ്ധതികള്‍ നടപ്പാക്കിയ തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം 16,728 കോടി രൂപ അധിക വായ്പ അനുവദിച്ചിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved