റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തി; നാളികേരത്തിന്റെ സംഭരണവില 22 രൂപയില്‍ നിന്ന് 32 രൂപയിലേക്കും; ബജറ്റില്‍ ആശ്വാസം ഇങ്ങനെ

January 15, 2021 |
|
News

                  റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തി; നാളികേരത്തിന്റെ സംഭരണവില 22 രൂപയില്‍ നിന്ന് 32 രൂപയിലേക്കും; ബജറ്റില്‍ ആശ്വാസം ഇങ്ങനെ

തിരുവനന്തപുരം: റബറിന്റെ തറവില 170 രൂപയാക്കി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി. സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി ടിഎം തോമസ് ഐസക്ക് ഇക്കാര്യം പ്രഖ്യാപിച്ചത്. റബറിന് പുറമെ നെല്ലിന്റെ സംഭരണവില 28 രൂപയായും നാളികേരത്തിന്റെ സംഭരണവില 22 രൂപയില്‍ നിന്ന് 32 രൂപയായും സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ വിലനിലവാരം പ്രാബല്യത്തില്‍ വരും. നേരത്തെ റബര്‍, നെല്ല്, നാളികേരം എന്നിവയുടെ താങ്ങുവില വര്‍ധിപ്പിക്കണമെന്ന് കര്‍ഷക സംഘടനകള്‍ ബജറ്റിന് മുന്നോടിയായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ നെല്ലിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച സംഭരണവില 18 രൂപയാണ്. എന്നാല്‍ കേരളം 27.48 രൂപയാണ് ഇതുവരെ നല്‍കിവന്നത്. ഇപ്പോള്‍ നെല്ലിന്റെ സംഭരണവില 28 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

വെള്ളിയാഴ്ച്ച പാലക്കാട് കുഴല്‍മന്ദം ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്നേഹയുടെ കവിതയോടെയാണ് ബജറ്റ് പ്രസംഗം ധനമന്ത്രി ആരംഭിച്ചത്. തോല്‍ക്കാന്‍ മനസ്സില്ലാത്ത ജനതയുടെ പോരാട്ടം ലോകം അത്ഭുതത്തോടെ വീക്ഷിച്ചു. സര്‍ക്കാര്‍ ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചതാണ് ബജറ്റിലെ മറ്റൊരു നിര്‍ണായക പ്രഖ്യാപനം. ഏപ്രില്‍ മുതല്‍ ക്ഷേമപെന്‍ഷന്‍ തുക 1,600 രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തും. അടുത്ത സാമ്പത്തികവര്‍ഷം 15,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു.

ആരോഗ്യവകുപ്പില്‍ നാലായിരം തസ്തികള്‍ സൃഷ്ടിക്കുമെന്നതാണ് സംസ്ഥാന ബജറ്റിലെ മറ്റൊരു പ്രധാന തീരുമാനം. തസ്തികകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പിന് തീരുമാനിക്കാം. ആരോഗ്യവകുപ്പിന്റെ ചിലവുകള്‍ക്കുള്ള നിയന്ത്രണം പൂര്‍ണമായി നീക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എട്ടു ലക്ഷം തൊഴിലവസരങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍ക്ക് 1,000 കോടി രൂപ എന്നിവയും ബജറ്റിലെ മുഖ്യ പ്രഖ്യാപനങ്ങളാണ്. അടുത്ത 5 വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി തൊഴില്‍ ലഭ്യമാക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.

കിഫ്ബിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. ട്രഷറി സേവിങ്സ് ബാങ്കിനെതിരേയും പ്രചാരണം നടക്കുന്നു. ഇത്തരം നീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി നേരിടണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി അധികമായി അനുവദിക്കും. 15000 കോടിയുടെ കിഫ്ബി പദ്ധതികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയാക്കും. 8 ലക്ഷം തൊഴില്‍ അവസരം ഈ വര്‍ഷത്തിലുണ്ടാവും.

2019-20 -ല്‍ കേരളത്തിന്റെ വളര്‍ച്ചനിരക്ക് കുത്തനെ ഇടിഞ്ഞതായി ബജറ്റിന് മുന്നോടിയായി ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തികഅവലോകനം വ്യക്തമാക്കുന്നു. വളര്‍ച്ച മുന്‍വര്‍ഷത്തെ 6.49 ശതമാനത്തില്‍നിന്ന് 3.45 ശതമാനമായി. ഇതേകാലയളവില്‍ രാജ്യത്തെ വളര്‍ച്ചനിരക്ക് 6.1ല്‍നിന്ന് 4.2 ശതമാനമായിരുന്നു.

അടിക്കടിയുണ്ടായ പ്രളയവും നോട്ടുനിരോധനവും പ്രവാസികളുടെ മടങ്ങിവരവും കോവിഡ് വ്യാപനവുമാണ് കേരളത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിച്ചതെന്ന് ധനമന്ത്രിപറഞ്ഞു. കോവിഡിന് മുമ്പുതന്നെ രാജ്യം സാമ്പത്തികമാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

© 2025 Financial Views. All Rights Reserved