സര്‍വകലാശാലകളില്‍ 1000 അധ്യാപക തസ്തികകള്‍; 500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്: ഉന്നത വിദ്യാഭ്യാസരംഗവും ബജറ്റ് പരിഗണനയില്‍

January 15, 2021 |
|
News

                  സര്‍വകലാശാലകളില്‍ 1000 അധ്യാപക തസ്തികകള്‍;  500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്: ഉന്നത വിദ്യാഭ്യാസരംഗവും ബജറ്റ് പരിഗണനയില്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ മികവുറ്റതാക്കുമെന്ന് ധനമന്ത്രി. സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നേടിയ മികവ് ഉന്നതവിദ്യാഭ്യാസരംഗത്തും അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കൈവരിക്കുക എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസരംഗവികസനത്തിന് കൂടുതല്‍ മുതല്‍ മുടക്ക് ആവശ്യമാണ്.

ഗവേഷണത്തോടുള്ള സമീപനത്തില്‍ അടിമുടി മാറ്റം വരേണ്ടത് ആവശ്യമാണ്. ഉന്നതവിദ്യാഭ്യാസത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യമൊരുക്കും. സര്‍വകലാശാലകളില്‍ 1000 അധ്യാപകതസ്തികകള്‍ സൃഷ്ടിക്കും. സര്‍വകലാശാലകള്‍ക്കുള്ളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ദേശീയതലത്തില്‍ തിരഞ്ഞെടുക്കുന്ന പ്രഗത്ഭ മേധാവികളുടെ പങ്കാളിത്തത്തോടെയാവും  മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.

വിവിധ വിഷയങ്ങളില്‍ 500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് നല്‍കും. മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിലൂടെ പ്രതിമാസം ഒരു ലക്ഷം രൂപ വരെ നല്‍കും. രണ്ട് വര്‍ഷത്തേക്കാണ് ഫെലോഷിപ്പ്. സര്‍വകലാശാല പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് 2000 കോടി രൂപ കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കും. അഫിലിയേറ്റഡ് കോളേജുകള്‍ക്ക് 1000 കോടി രൂപ ലഭ്യമാക്കും. ക്ലാസ് മുറികള്‍ ഡിജിറ്റലൈസ് ചെയ്യും.

പുതിയ അധ്യയനവര്‍ഷത്തില്‍ 20 ശതമാനം പേര്‍ക്ക് അധിക പഠനസൗകര്യം ലഭ്യമാക്കും. പുതിയ അധ്യയനവര്‍ഷത്തില്‍ തിരഞ്ഞെടുത്ത കോളേജുകളില്‍ ഉച്ചയ്ക്ക് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ അധിക ബാച്ചുകള്‍ ആരംഭിക്കും. ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികകള്‍ അടിയന്തരമായി നികത്തും. ഇതിന് പുറമെ 150 അധ്യാപക തസ്തികകള്‍ അധികമായി സൃഷ്ടിക്കും. ഇതിന് വേണ്ടി വരുന്ന അധികചെലവ് നോണ്‍ പ്ലാനില്‍ അധികമായി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

Read more topics: # KERALA BUDGET,

Related Articles

© 2024 Financial Views. All Rights Reserved