കേരള ബജറ്റ് അവതരണം ആരംഭിച്ചു; വെല്ലുവിളികള്‍ എന്തൊക്കെ?

March 11, 2022 |
|
News

                  കേരള ബജറ്റ് അവതരണം ആരംഭിച്ചു; വെല്ലുവിളികള്‍ എന്തൊക്കെ?

രണ്ടാം പിണറായി സര്‍ക്കാരിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണിത്. പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളായിരിക്കും ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ, ക്ഷേമ പദ്ധതികളും കൂടുതലായായുണ്ടായേക്കും.

വരുമാനത്തിലെ ഇടിവും കൊവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയും ഇപ്പോഴത്തെ യുദ്ധം മൂലമുള്ള വിലക്കയറ്റ ഭീതിയുമെല്ലാം ധനമന്ത്രിക്ക് മുന്നിലെ വലിയ കടമ്പകളാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങി വരുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുക, അഭ്യസ്ഥവിദ്യരായ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങി കേരളത്തിന്റെ മുന്നേറ്റത്തിനും വികസനത്തിനുമൊപ്പം പല മേഖലയിലും സംസ്ഥാനത്തിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കാനുണ്ട്.

ജിഎസ്ടി നടപ്പിലാക്കിയ ശേഷം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കി വരുന്ന ജിഎസ്ടി നഷ്ടപരിഹാരം മെയ് മാസത്തോടെ അവസാനിക്കും. കൊവിഡിനെ തുടര്‍ന്ന് ദീര്‍ഘിപ്പിച്ച നഷ്ടപരിഹാരം വീണ്ടും ദീര്‍ഘിപ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അത് പരിഗണിച്ചതേയില്ല. ജിഎസ്ടി നഷ്ടപരിഹാരം അവസാനിച്ചാല്‍ സംസ്ഥാനത്തിന് പിന്നെ അടുത്ത വര്‍ഷം 9000 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകും. ഇത് കേരളത്തിന് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക.

സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാകുന്നത് കിഫ്ബി വഴിയുള്ള പദ്ധതികളെയും ദോഷകരമായി ബാധിക്കും. നികുതി പിരിച്ചെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാട്ടുന്ന അലംഭാവവും ചില്ലറ പ്രയാസമല്ല സൃഷ്ടിക്കുന്നത്. ഒപ്പം ശമ്പള പരിഷ്‌കരണ കുടിശിക, പെന്‍ഷന്‍ കുടിശിക, അവധി സറണ്ടര്‍ തുടങ്ങി സംസ്ഥാനം കൃത്യസമയത്ത് നല്‍കാതെ മാറ്റിവെച്ച പല ബാധ്യതകളും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കൊടുത്തുതീര്‍ക്കേണ്ടതുണ്ട്. ചെലവുചുരുക്കലും സര്‍ക്കാരിന് മുന്നിലെ പ്രതിസന്ധിയാണ്.

Related Articles

© 2025 Financial Views. All Rights Reserved