നികുതി നിര്‍ദ്ദേശങ്ങളില്ലാത്ത ബജറ്റ്; ചെലവ് ചുരുക്കാനും വരുമാനം കൂട്ടാനും സമഗ്രമായ പദ്ധതികള്‍

June 04, 2021 |
|
News

                  നികുതി നിര്‍ദ്ദേശങ്ങളില്ലാത്ത ബജറ്റ്;  ചെലവ്  ചുരുക്കാനും വരുമാനം കൂട്ടാനും സമഗ്രമായ പദ്ധതികള്‍

തിരുവനന്തപുരം: ചെലവ്  ചുരുക്കാനും വരുമാനം കൂട്ടാനും സമഗ്രമായ പദ്ധതിയെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് മുന്നോട്ട് വയ്ക്കുന്നത്. കൊവിഡ് ഉണ്ടാക്കിയ അസാധാരണ സാഹചര്യവും പ്രതിസന്ധിയും കണക്കിലെടുത്ത് നികുതി നിര്‍ദ്ദേശങ്ങളൊന്നും ബജറ്റില്‍ ഇല്ല. സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര സുഖകരമല്ലെന്നും ധനമന്ത്രി പറഞ്ഞു വയ്ക്കുന്നു.

കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍  കടം വാങ്ങിയായാലും നാടിനെ രക്ഷിക്കുക എന്നതാണ് സമീപനമെന്നും ഇത് തുടരുമെന്നുമാണ് ധനമന്ത്രി വ്യക്തമാക്കുന്നത്. നികുതി, നികുതി ഇതര വരുമാനം കൂട്ടി മുന്നോട്ട് പോകാനാണ് തീരുമാനം. ഇതിന് ജനങ്ങള്‍ ഉത്സാഹം കാണിക്കണം. നികുതി വെട്ടിക്കുന്നവരെ നിലക്ക് നിര്‍ത്തും. വ്യാപാരികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ മുതിരില്ലെന്നും ധനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

എന്നാല്‍ നികുതി നിര്‍ദ്ദേശങ്ങളില്ല എന്ന തീരുമാനം താല്‍കാലികം മാത്രമാകുമെന്ന സൂചനയും ധനമന്ത്രി നല്‍കുന്നുണ്ട്. കൊവിഡ് പ്രതിസന്ധി മറികടന്നാല്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളെ കുറിച്ച് ആലോചിക്കും. ജനങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകു. സര്‍ക്കാരിന് കൊടുക്കേണ്ട നികുതി എല്ലാവരും കൊടുക്കാന്‍ തയ്യാറായാല്‍ തന്നെ പ്രതിസന്ധി തീരുമെന്നും ധനമന്ത്രി പറയുന്നു.

മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍

വിഷരഹിത പച്ചക്കറികള്‍ കുടുംബശ്രീ വഴി ശേഖരിച്ച് വിതരണം ചെയ്യും.

ഈ വര്‍ഷം 10,000 ഓക്സിലറി കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങും

അണക്കെട്ടുകളിലെ മണല്‍ നീക്കാന്‍ പദ്ധതി നടപ്പിലാക്കും

ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പത്തു കോടി രൂപ

നദീ സംരക്ഷണത്തിന് പാക്കേജ്. നദികളും ജലാശയങ്ങളും സംരക്ഷിക്കും

പാല്‍ മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ക്കായി ഫാക്ടറി സ്ഥാപിക്കും

തോട്ടം മേഖലയുടെ വികസനത്തിന് 2 കോടി രൂപ

ജലായശങ്ങളുടെ ജലവാഹന ശേഷി വര്‍ധിപ്പിക്കുന്നതിന് 50 കോടിയുടെ പാക്കേജ്

കടല്‍ഭിത്തി നിര്‍മ്മാണത്തിന് കിഫ്ബി വഴി 2300 കോടി രൂപ  

കുടുംബശ്രീ അയല്‍ക്കൂട്ടത്തിന് 4% പലിശ നിരക്കില്‍ 1000 കോടിയുടെ വായ്പ

Read more topics: # KERALA BUDGET,

Related Articles

© 2025 Financial Views. All Rights Reserved