സംസ്ഥാനത്തിന്റെ വരുമാനത്തില്‍ ഭീമമായ ഇടിവ്; രാജ്യത്തൊട്ടാകെ പടര്‍ന്നുപന്തലിച്ച മാന്ദ്യം കേരളത്തിലും ശക്തം

October 18, 2019 |
|
News

                  സംസ്ഥാനത്തിന്റെ വരുമാനത്തില്‍ ഭീമമായ ഇടിവ്; രാജ്യത്തൊട്ടാകെ പടര്‍ന്നുപന്തലിച്ച മാന്ദ്യം കേരളത്തിലും ശക്തം

തിരുവനന്തപുരം: കേരളം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ മൂലം സംസ്ഥാനത്തിന്റെ വരുമാന വിഹിതത്തെയും ഗുരുതരമായി ബാധിക്കുന്നു. ജിഎസ്ടി വരുമാനത്തിലടക്കം ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തിക മാന്ദ്യം കേരളത്തേയും പിടിച്ചുകുലുക്കുന്നുണ്ടെന്നാണ് സൂചന. മദ്യം, പെട്രോള്‍, ഡീസല്‍ എന്നിവയില്‍നിന്നുള്ള നികുതിവരുമാനം കുറഞ്ഞതാണ് ഇതിന് കാരണം. ഈ വര്‍ഷം ഇതുവരെ 740 കോടി രൂപയുടെ കുറവാണ് ഈയിനത്തിലുള്ളത്. ദൈനംദിന ചെലവുകള്‍ക്ക് റിസര്‍വ് ബാങ്കില്‍നിന്ന് മുന്‍കൂറായി പണമെടുക്കേണ്ട സ്ഥിതിയാണ്. ഈയിടെ പലഘട്ടത്തിലും ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലുമായി. ഏത് സമയവും ട്രഷറി നിയന്ത്രണം കൊണ്ടുവരാന്‍ കഴിയും.

രാജ്യത്താകെയുള്ള മാന്ദ്യവും ജി.എസ്.ടി.യിലെ പ്രശ്നങ്ങളുമാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. ഇവ ബാഹ്യഘടകങ്ങളായതിനാല്‍ തങ്ങള്‍ നിസ്സഹായരാണെന്നാണ് ധനവകുപ്പിന്റെ വാദം. ജി.എസ്.ടി.യില്‍നിന്ന് ഇപ്പോള്‍ മാസം ശരാശരി 1600 കോടിരൂപയാണ് കേരളത്തിന് കിട്ടുന്നത്. കിട്ടേണ്ടതിലും 500 കോടിയെങ്കിലും കുറവ്. ജി.എസ്.ടി. വരുമാനത്തിലെ മാന്ദ്യം കേരളത്തില്‍ മാത്രമല്ല, രാജ്യമാകെയുണ്ട്. ഇതാണ് പ്രതിസന്ധിയുടെ കാരണം. ഇങ്ങനെ പോയാല്‍ ശമ്പളവും പെന്‍ഷനും പോലും മുടങ്ങും. ശമ്പളവും പെന്‍ഷനും പലിശച്ചെലവുമായി റവന്യൂവരുമാനത്തിന്റെ ഭൂരിഭാഗവും ചെലവാകുകയാണ്.

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ആറുമാസം സംസ്ഥാനത്തെ വാണിജ്യ നികുതി വരുമാന വളര്‍ച്ച വളരെ കുറവാണ്. 20 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത ചെലവുകളും പ്രതിസന്ധി രൂക്ഷമാകുന്നു. രണ്ടു ദിവസം ഓവര്‍ ഡ്രാഫ്റ്റിലായി. പതിവ് ചെലവുകള്‍ക്കുപുറമേ 1994-ലെടുത്ത ഒരു വായ്പയുടെ മുതല്‍ ഇനത്തില്‍ 2200 കോടി അടയ്ക്കേണ്ടിവന്നു. ഇതും പ്രതിസന്ധി കൂട്ടി. പണത്തിന് ഞെരുക്കമുള്ളപ്പോള്‍ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് 'വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ്' എന്നനിലയില്‍ റിസര്‍വ് ബാങ്കില്‍നിന്ന് മുന്‍കൂറായി 1500 കോടിരൂപവരെ എടുക്കാനാകും. ഇതില്‍ക്കൂടുതലെടുത്താല്‍ ഓവര്‍ ഡ്രാഫ്റ്റാവും. മുന്‍കൂറായി എടുത്ത മൊത്തം തുക 14 ദിവസത്തിനകം അടച്ചില്ലെങ്കില്‍ ട്രഷറി സ്തംഭിക്കും. എന്നാല്‍, പരമാവധി അഞ്ചുദിവസത്തിനകം ഓവര്‍ ഡ്രാഫ്റ്റ് ഒഴിവാക്കാന്‍ കഴിയുന്നതിനാല്‍ ട്രഷറി സ്തംഭിക്കുന്ന സാഹചര്യമില്ല. ട്രഷറിയിലെ ഇടപാടുകള്‍ ഭാവിയിലും സ്തംഭിക്കില്ലെന്ന് ധനവകുപ്പ് പറയുന്നു.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഉള്‍പ്പെടെ 18,000 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതും പ്രതിസന്ധിക്ക് ആക്കംകൂട്ടി. കഴിഞ്ഞ സര്‍ക്കാര്‍ സൃഷ്ടിച്ച തസ്തികകള്‍ക്ക് അംഗീകാരം നല്‍കിയത് ഉള്‍പ്പെടെയാണിത്. പദ്ധതിച്ചെലവും അനാവശ്യചെലവും മാത്രമാണ് സര്‍ക്കാരിന് നിയന്ത്രിക്കാനാവുന്നത്. ട്രഷറിയില്‍ മുന്‍കാലത്തുണ്ടായിരുന്ന നിക്ഷേപങ്ങളും മറ്റും വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ വായ്പപരിധിയില്‍ ഈ വര്‍ഷം കേന്ദ്രം കുറവുവരുത്തിയതും തിരിച്ചടിയായി. 6000 കോടിരൂപയുടെ കുറവാണ് കേരളം നേരിടുന്നത്. പുനര്‍നിര്‍മ്മാണത്തിന് കേരളം ലോകബാങ്കുപോലുള്ള ഏജന്‍സികളില്‍നിന്നെടുക്കുന്ന വായ്പകളും ഈ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ പൊതുആവശ്യങ്ങള്‍ക്ക് വായ്പയെടുക്കാനാവാതെ വരും. ആശങ്ക ഒഴിവാക്കാന്‍ വീണ്ടും കേന്ദ്രത്തെ സമീപിക്കും.

പലിശയ്ക്ക് വായ്പയെടുത്ത് ശമ്പളവും പെന്‍ഷനും കൊടുക്കുന്ന കേരളത്തില്‍ വരവും ചെലവും തമ്മിലുള്ള അന്തരം അനുദിനം വര്‍ധിക്കുകയാണ്. പുതിയ വരുമാനമാര്‍ഗങ്ങളില്ലാതെ ചെലവുകള്‍ കൂടിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ആശ്രയം വായ്പ തന്നെ. നോട്ട് നിരോധനം, ജി.എസ്.ടി. എന്നീ ആഘാതങ്ങള്‍ക്കുശേഷം പ്രളയംകൂടിയായപ്പോള്‍ സാമ്പത്തികനില എത്തും പിടിയും കിട്ടാത്ത അവസ്ഥയിലാണ്. കടം വാങ്ങുന്നതില്‍ 70 ശതമാനത്തോളം ശമ്പളവും പെന്‍ഷനും കൊടുക്കാനാണ് ഉപയോഗിക്കുന്നത്. സര്‍ക്കാരിന്റെ നിത്യനിദാനച്ചെലവുകളും ശമ്പളവും പെന്‍ഷനും കൊടുത്തുകഴിയുമ്പോള്‍ കടം വാങ്ങിയ പണം തീരുന്നു. ഉത്പാദനപ്രക്രിയകളില്‍ മുതല്‍മുടക്കാന്‍ പണമില്ല. മുതലും പലിശയും തിരിച്ചടയ്ക്കാന്‍ വീണ്ടും കടം വാങ്ങുന്നു. വരുമാനം വര്‍ധിപ്പിക്കാന്‍ വേറെ വഴികള്‍ കണ്ടെത്തുന്നില്ലെങ്കില്‍ ആത്യന്തികമായി ഇത് കേരളത്തെ കടക്കെണിയിലേക്ക് നയിക്കും.

1956-ല്‍ നിലവില്‍വന്ന സംസ്ഥാനത്ത് റവന്യൂപ്രതിസന്ധി ആദ്യം ഉടലെടുത്തത് 1980-81ലാണ്. 668 കോടി റവന്യൂ ചെലവുണ്ടായ ആ സാമ്പത്തികവര്‍ഷം 26 കോടി കമ്മിയുണ്ടായി. 1981-82-ലും 1982-83-ലും ധനസ്ഥിതി വീണ്ടും മെച്ചപ്പെട്ടു. യഥാക്രമം 96-ഉം 27-ഉം കോടിവീതം മിച്ചമുണ്ടായി. അതിനുശേഷം കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും ബജറ്റില്‍ മിച്ചമുണ്ടായിട്ടില്ല. മറിച്ച് കമ്മിയുടെ അളവില്‍ വന്‍വര്‍ധന ഉണ്ടായിക്കൊണ്ടിരിക്കയാണ്. 1983-84-ല്‍ 57 കോടിയായിരുന്നു കമ്മിയെങ്കില്‍ 2017-18-ല്‍ 12,860 കോടിയാണ്.

Related Articles

© 2025 Financial Views. All Rights Reserved