
കൊച്ചി: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്‌സി) പൊതുവിപണിയില്‍ നിന്ന് കടപ്പത്രം വഴി 250 കോടി സമാഹരിക്കുന്നു. റിസര്‍വ് ബാങ്കിന്റെയും സെബിയുടേയും അംഗീകാരത്തോടെ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി പുറപ്പെടുവിക്കുന്ന 100 കോടിയുടെ കടപ്പത്രത്തിന് നിക്ഷേപകരുടെ താല്‍പര്യം അനുസരിച്ച് 250 കോടി വരെ സമാഹരിക്കാനാകും.
സര്‍ക്കാര്‍ ഗാരന്റി ഇല്ലാതെ കടപ്പത്രം പുറപ്പെടുവിക്കുന്ന സംസ്ഥാനത്തെ ഏക പൊതുമേഖലാ സ്ഥാപനമാണ് കെഎഫ്‌സി. വിവിധ സംസ്ഥാനങ്ങളിലെ ഫിനാന്‍ഷ്യല്‍ കോര്‍പറേഷനുകളിലും കെഎഫ്‌സി മാത്രമാണ് ഓഹരി വിപണി വഴി ഫണ്ട് ശേഖരിക്കുന്നത്. 2011 മുതല്‍ കടപ്പത്രം പുറപ്പെടുവിക്കുന്ന കെഎഫ്‌സിയുടെ ഏഴാമത്തെ കടപ്പത്രമാണിതെന്ന് എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.
ഇതിനകം 1600 കോടി കടപ്പത്രം വില്‍പനയിലൂടെ ശേഖരിച്ചിട്ടുണ്ട്. അതില്‍ 415 കോടി തിരിച്ചു നല്‍കി. 10 വര്‍ഷത്തെ കാലാവധിയാണ് ഇത്തവണ കടപ്പത്രത്തിനുള്ളത്. 8% പലിശയില്‍ താഴെ ലഭിക്കുമെന്നാണു പ്രതീക്ഷ. നിലവില്‍ 3300 കോടി രൂപയുടെ വായ്പ നല്‍കിയിട്ടുള്ള കെഎഫ്‌സി, നടപ്പു സാമ്പത്തിക വര്‍ഷം അവസാനം ആകുമ്പോഴേക്കും വായ്പ 4000 കോടിയില്‍ എത്തിക്കാനാണു ലക്ഷ്യമിടുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രേംനാഥ് അറിയിച്ചു.