
തിരുവനന്തപുരം: പലിശരഹിത തവണവ്യവസ്ഥയില്‍ വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപയുടെ ലാപ്‌ടോപ് നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ ഇതുവരെ ചേര്‍ന്നത് 1.07 ലക്ഷം പേര്‍. എന്നാല്‍ പദ്ധതി പ്രഖ്യാപിച്ച് 5 മാസമായിട്ടും ലാപ്‌ടോപ് ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ പോലും അന്തിമമാക്കാനായിട്ടില്ല. 2 ലക്ഷം ലാപ്‌ടോപ് വാങ്ങാനുള്ള 300 കോടി രൂപ കെഎസ്എഫ്ഇ കരുതിയിട്ടുണ്ടെങ്കിലും ഐടി മിഷന്‍ വഴിയുള്ള ടെന്‍ഡര്‍ നടപടി നീളുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. നവംബര്‍ അവസാനത്തോടെ അപേക്ഷിച്ചവരുടെ എണ്ണം 2 ലക്ഷമാകുമെന്നാണ് സൂചന.
കുടുംബശ്രീ വഴി 500 രൂപ മാസ അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യപദ്ധതിയില്‍ ചേര്‍ന്ന് 3 മാസം മുടക്കമില്ലാതെ അടയ്ക്കുന്നവര്‍ക്കു ലാപ്‌ടോപ് നല്‍കുന്നതാണ് പദ്ധതി. പലരും ആദ്യ മാസങ്ങളിലെ തവണ അടച്ച് കാത്തിരിപ്പിലാണ്. 5.18 ലക്ഷം പേരാണ് ലാപ്‌ടോപ് വാങ്ങാന്‍ ആദ്യഘട്ടത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ലാപ്‌ടോപ് ലഭ്യമാക്കാനുള്ള കമ്പനിയെ തിരഞ്ഞെടുത്താലുടന്‍ പണം നല്‍കാന്‍ സജ്ജമാണെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് 'മനോരമ'യോട് പറഞ്ഞു. ഇതിനായി പ്രത്യേക അക്കൗണ്ടും സജ്ജമാക്കിയിട്ടുണ്ട്. നവംബര്‍ അവസാനത്തോടെ ലാപ്‌ടോപ് വിതരണം തുടങ്ങണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു.
കമ്പനികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിക്കാനുള്ള സമയപരിധി രണ്ടു തവണയായി നീട്ടിയത് കാലതാമസമുണ്ടാക്കി. ലാപ്‌ടോപ്പിനുള്ള പ്രോസസറുകള്‍ അടക്കം ചൈന, തായ്‌വാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്നതിലുണ്ടാകുന്ന തടസ്സമാണ് പദ്ധതിയെ ബാധിക്കുന്നതെന്നാണ് സൂചന. അതേസമയം 15,000 രൂപയില്‍ താഴെയുള്ള ലാപ്‌ടോപ് നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ നിരക്ക് 20,000 രൂപയാക്കണമെന്ന ആവശ്യവുമായി 3 കമ്പനികള്‍ രംഗത്തെത്തിയിരുന്നു. പരമാവധി വില 15,000 രൂപയെന്നു നേരത്തേ നിശ്ചയിച്ചതിനാല്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് ഐടി മിഷന്‍ വ്യക്തമാക്കി. സ്റ്റുഡന്റ് ലാപ്‌ടോപ് ടെന്‍ഡറിന്റെ ഭാഗമായി നടന്ന പ്രീബിഡ് യോഗത്തിലാണ് ഏയ്‌സര്‍, ലെനോവോ, ഡെല്‍ കമ്പനികള്‍ ആവശ്യമുന്നയിച്ചത്. 15,000 രൂപയ്ക്ക് ലാപ്‌ടോപ് പ്രായോഗികമല്ലെന്നു കമ്പനികള്‍ ചൂണ്ടിക്കാട്ടി. 8 കമ്പനികളാണു യോഗത്തില്‍ പങ്കെടുത്തത്. മറ്റു കമ്പനികള്‍ വില സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ചിട്ടില്ല.