ലോക്ക്ഡൗണ്‍ കാലത്ത് മോട്ടോര്‍വാഹന വകുപ്പ് 10 കോടി രൂപ ഖജനാവിലെത്തിച്ചു; വാഹന രജിസ്ട്രേഷന്‍ വഴി നികുതി ഇനത്തിൽ തുക ലഭ്യമാക്കി; വീട്ടിലിരുന്ന് ജോലി ചെയ്ത് ഓൺലൈൻ ഉദ്യോ​ഗസ്ഥർ

April 07, 2020 |
|
News

                  ലോക്ക്ഡൗണ്‍ കാലത്ത് മോട്ടോര്‍വാഹന വകുപ്പ് 10 കോടി രൂപ ഖജനാവിലെത്തിച്ചു; വാഹന രജിസ്ട്രേഷന്‍ വഴി നികുതി ഇനത്തിൽ തുക ലഭ്യമാക്കി; വീട്ടിലിരുന്ന് ജോലി ചെയ്ത് ഓൺലൈൻ ഉദ്യോ​ഗസ്ഥർ

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്തും മോട്ടോര്‍വാഹന വകുപ്പ് സര്‍ക്കാര്‍ ഖജനാവിലെത്തിച്ചത് 10 കോടി രൂപ. വാഹന രജിസ്ട്രേഷന്‍ വഴി നികുതി ഇനത്തിലാണ് തുക ലഭ്യമാക്കിയത്. ഓണ്‍ലൈന്‍ വഴി വാഹന രജിസ്ട്രേഷന്‍ നടത്തിയാണ് ലോക്ക് ഡൗണ്‍ കാലത്തും  മോട്ടോര്‍വാഹനവകുപ്പ്  ഖജനാവിന് താങ്ങായത്.

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ ഒന്ന് വരെ 6761 പുതിയ വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്ത് നികുതി സ്വീകരിച്ചത്. രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഓഫീസുകളുടെ പ്രവര്‍ത്തനവും നിര്‍ത്തിയിരുന്നു. എന്നിട്ടും ഇത്രയും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടത്തിയത് നടപടികള്‍ പൂർണ്ണമായും ഓണ്‍ലൈനിലേക്ക് മാറ്റിയതു മൂലമാണ്. ഓണ്‍ലൈന്‍ അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലിരുന്ന് സ്വന്തം കംപ്യൂട്ടറിലൂടെ പരിഗണിക്കാനും അനുമതി നല്‍കി.

ഓഫീസുകള്‍ അടച്ചിട്ടിരുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ വീടുകളിലിരുന്ന് ഓണ്‍ലൈനിലൂടെയാണ് നികുതി സ്വീകരിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചത്. മാര്‍ച്ച് 31-ന് വില്‍പ്പന കാലാവധി അവസാനിക്കുന്ന ബിഎസ്-4 എന്‍ജിന്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അവധി ദിവസങ്ങളിലും ആര്‍ടി ഓഫീസ് പ്രവര്‍ത്തിക്കണമെന്നും ഒരു ക്ലാര്‍ക്ക്, ഒരു എ.എം.വി.ഐ എന്നിവരെ ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്യണമെന്നും നിർദേശമുണ്ടായിരുന്നു. ഇതനുസരിച്ച് പ്രവർത്തനങ്ങൾ നടന്നിരുന്നതുമാണ്.

നേരിട്ടുള്ള പരിശോധനകള്‍ ഒഴിവാക്കാനും എല്ലാ സ്വകാര്യ വാഹനങ്ങള്‍ക്കും താത്കാലിക രജിസ്‌ട്രേഷന്‍ എടുക്കുന്ന ദിവസം തന്നെ സ്ഥിരം രജിസ്‌ട്രേഷൻ നല്‍കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു. ലോക്ക്ഡൗൺ കാലത്ത് സർക്കാർ ഖജനാവിലേക്ക് ഈ തുക എത്തിച്ചത് തികച്ചും ആശ്വാസ​ദായകമാണ്.

Related Articles

© 2025 Financial Views. All Rights Reserved