ഡിസംബര്‍ 31 വരെ ജപ്തി നടപടികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍

October 21, 2021 |
|
News

                  ഡിസംബര്‍ 31 വരെ ജപ്തി നടപടികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍

മഴക്കെടുതി, കോവിഡിനെ തുടര്‍ന്നു പ്രഖ്യാപിച്ച ലോക്ക്ഡഡൗണ്‍ എന്നിവ കണക്കിലെടുത്ത് സംസ്ഥാനത്ത് ഡിസംബര്‍ 31 വരെ ജപ്തി നടപടികള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഹൗസിങ് ബോര്‍ഡ്, കോ ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ പോലുള്ള സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍, സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് എടുത്ത കാര്‍ഷിക, വിദ്യാഭ്യാസ, ക്ഷീര വികസന, മൃഗസംരക്ഷണ വായ്പകള്‍ക്ക് മൊറട്ടോറിയം ബാധകമാകും.

ദേശസാല്‍കൃത ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, എം.എഫ്.ഐ. തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകളിലെ ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം ദീര്‍ഘിപ്പിക്കുന്നതിനു റിസര്‍വ് ബാങ്കിനോടും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോടും ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് വായ്പാ തിരിച്ചടവുകള്‍ക്കും ജപ്തിക്കും ആര്‍.ബി.ഐ. മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മൂന്നു മാസത്തേയ്ക്കു പ്രഖ്യാപിച്ച മൊറമട്ടാറിയും മൂന്നു മാസത്തേയ്ക്കു കൂടി നീട്ടിയിരുന്നു.

കോവിഡില്‍നിന്നു സംസ്ഥാനം കരകയറാന്‍ ശ്രമിക്കവേ അപ്രതീക്ഷിതമായെത്തിയ കനത്ത മഴ നാശനഷ്ടങ്ങള്‍ വര്‍ധിപ്പിച്ചതാണ് പുതിയൊരു മൊറട്ടോറിയത്തിനു കേരള സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇതോടെ തിരിച്ചടവുകള്‍ക്ക് ഉപയോക്താക്കള്‍ക്കു സാവകാശം ലഭിക്കും. മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും നാശനഷ്ടം നേരിട്ടവര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു കൂടുതല്‍ ധനസഹായം അനുവദിക്കുന്ന കാര്യം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും. സംസ്ഥാനത്ത് പല ജില്ലകളിലും മഴ തുടരുന്നുണ്ട്. അണക്കെട്ടുകള്‍ തുറന്നുവിട്ടിരിക്കുകയാണ്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved