
തിരുവനന്തപുരം: വര്‍ക് ഫ്രം ഹോം രീതിയെ പിന്തുണയ്ക്കാനായി സംസ്ഥാനത്ത് എല്ലാ മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 'അക്ഷയ' മാതൃകയില്‍ കോവര്‍ക്കിങ് കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ കേരള ഐടി പാര്‍ക്കുകളുടെ ബ്രാന്‍ഡില്‍ ആരംഭിക്കുന്ന 'വര്‍ക് നിയര്‍ ഹോം' (WORK NEAR HOME) സെന്ററില്‍ അതതു പ്രദേശത്തുള്ളവര്‍ക്ക് സീറ്റ് നിരക്കില്‍ വാടക നല്‍കി ഉപയോഗിക്കാം.
കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പരിധികളില്‍ 5,000 ചതുരശ്രയടിയുള്ള കെട്ടിട ഉടമകളില്‍ നിന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ താല്‍പര്യപത്രം ക്ഷണിക്കുമെന്ന് ഐടി പാര്‍ക്‌സ് സിഇഒ പി.എം. ശശി പറഞ്ഞു. കോവിഡ് കാലത്തെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഇന്റീരിയര്‍ ഡിസൈന്‍ തയാറാക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്‌സിനെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഐടി കമ്പനി ഉടമകളുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. സേവനം ഐടി കമ്പനികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തില്ല. ഫ്രീലാന്‍സ് ജോലികള്‍ ഏറുമെന്നതിനാല്‍ അത്തരക്കാരെക്കൂടി ഉദ്ദേശിച്ചാണു പദ്ധതി. വിജയമായാല്‍ പഞ്ചായത്ത് തലത്തിലേക്കു വ്യാപിപ്പിക്കും.
വര്‍ക് ഫ്രം ഹോം നീളുമെന്നതിനാല്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ അതിജീവിക്കാനാണ് ഇത്തരം പ്രാദേശിക കേന്ദ്രങ്ങള്‍. കമ്പനികള്‍ക്ക് അവരുടെ ജീവനക്കാരെ അതതു നാട്ടില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ട് ഉല്‍പാദനക്ഷമത ഉറപ്പാക്കാന്‍ കഴിയും. ശമ്പളം വെട്ടിക്കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മൂലം ജീവിതച്ചെലവു താങ്ങാന്‍ കഴിയാത്തവര്‍ക്ക് സ്വന്തം നാട്ടിലെത്തി മെച്ചപ്പെട്ട അവസ്ഥയില്‍ ജോലി ചെയ്യാം.
ഐടി പാര്‍ക്കിലെ കമ്പനികള്‍ അവരുടെ ജീവനക്കാര്‍ ഏതൊക്കെ മേഖലയിലാണെന്ന് അറിയാനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പിന്‍കോഡുകള്‍ ശേഖരിച്ചു തുടങ്ങി. ഡിമാന്‍ഡ് അനുസരിച്ച് തയാറാക്കുന്ന ഹീറ്റ്മാപ്പില്‍ നിന്നു തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലായിരിക്കും ആദ്യം സെന്റര്‍ തുടങ്ങുക. ഒരു സെന്ററില്‍ 60 സീറ്റ് വരെയുണ്ടാകും.
കഫേ, വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം, ഹൈ സ്പീഡ് ഇന്റര്‍നെറ്റ്, മീറ്റിങ് റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. സെന്ററിന്റെ മുതല്‍മുടക്ക് സ്വകാര്യവ്യക്തി വഹിക്കണം. അതിന്റെ ബ്രാന്‍ഡിങ്, മാര്‍ക്കറ്റിങ്, സീറ്റ് അലോക്കേഷന്‍ തുടങ്ങിയവ ഐടി പാര്‍ക് ചെയ്യും. വരുമാനം സര്‍ക്കാരും സ്വകാര്യവ്യക്തിയും തമ്മില്‍ പങ്കുവയ്ക്കും. 'വര്‍ക് നിയര്‍ ഹോം' പദ്ധതിയുടെ ഡിമാന്‍ഡ് അറിയാന്‍ സര്‍ക്കാര്‍ നടത്തുന്ന സര്‍വേയില്‍ പങ്കെടുക്കാം.