ദ്വിദിന രാജ്യവ്യാപക പണിമുടക്കില്‍ കേരളത്തിന് നഷ്ടം 5,500 കോടി രൂപ

March 30, 2022 |
|
News

                  ദ്വിദിന രാജ്യവ്യാപക പണിമുടക്കില്‍ കേരളത്തിന് നഷ്ടം 5,500 കോടി രൂപ

കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറം ആഹ്വാനം ചെയ്ത ദ്വിദിന രാജ്യവ്യാപക പണിമുടക്കില്‍ കേരളത്തിന്റെ നഷ്ടം 5,500 കോടി രൂപക്കുമേല്‍. കൊവിഡ് സൃഷ്ടിച്ച തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന സംസ്ഥാനത്തെ സംബന്ധിച്ച് വലിയ ആഘാതമാണ് പണിമുടക്ക് സൃഷ്ടിച്ചത്. ആദ്യ ദിനമായ തിങ്കളാഴ്ചയെ അപേക്ഷിച്ച്, ചൊവഴ്ച പണിമുടക്ക് ഭാഗികമായിരുന്നിട്ടു പോലും സാമ്പത്തിക ആഘാതം വളരെ വലുതാണ്.

രാജ്യമൊട്ടാകെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളത്തിലായിരുന്നു തീവ്രമായത്. വിവിധ മേഖലകളില്‍ സൃഷ്ടിക്കപ്പെടേണ്ടിയിരുന്ന വരുമാനവും, വ്യാവസായിക ഉല്‍പ്പാദനവും, ഇതുവഴി സര്‍ക്കാരിനു ലഭിക്കേണ്ടിയിരുന്ന നികുതിയും ചേരുന്നതാണ് 5,500 കോടിയെന്ന ഭീകരമായ തുക. കടകളും, വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞുകിടന്നതുവഴി രണ്ടു ദിവസംകൊണ്ട് കുറഞ്ഞത് 2,000 കോടി രൂപയുടെ നികുതി വരുമാനമാണ് സര്‍ക്കാരിനു നഷ്ടമായത്. ഇതു കൂടാതെ പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയിലെ വാറ്റും ജിഎസ്ടിയും ചേര്‍ത്ത് മാസം 1,830 കോടി രൂപ സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. അതായത് ഒരു ദിവസം 61 കോടി രൂപ. ഈ ഇനത്തില്‍ രണ്ടു ദിവസത്തെ സര്‍ക്കാരിന്റെ നഷ്ടം 122 കോടിയാണ്.

കേരളത്തിലെ 1.34 ലക്ഷം ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ നഷ്ടം കൂടി ഇവിടെ കാണേണ്ടതുണ്ട്. ദിവസം കുറഞ്ഞത് 1,500 കോടിയുടെ ഉല്‍പ്പാദനമാണ് ഈ മേഖലകളില്‍ നടക്കുന്നത്. രണ്ടു ദിവസം കൊണ്ട് മേഖലയിലെ നഷ്ടം 3,000 കോടിയോളം. വന്‍കിട സ്ഥാപനങ്ങളുടെ നഷ്ടം ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നതു പ്രത്യേകം ശ്രദ്ധിക്കണം.

പണിമുടക്കില്‍ മിക്ക സര്‍ക്കാര്‍ ഓഫീസുകളുടേയും പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. ജീവനക്കാര്‍ എത്തിയില്ലെങ്കിലും ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശരാശരി പ്രതിമാസ ശമ്പളച്ചെലവ് 2,500 കോടിയോളമാണ്. അതായത് ദിവസം 85 കോടി കണക്കാക്കുമ്പോള്‍ രണ്ടു ദിവസം പണിയെടുക്കാത്തതിനു ജീവനക്കാര്‍ക്കു നല്‍കേണ്ടത് 170 കോടിയോളം. മേഖലയില്‍ കോടതി ഇടപെടലുകളള്‍ ഉണ്ടായെങ്കിലും കാര്യമായ ഫലം കണക്കുകളില്‍ ഉണ്ടായിട്ടില്ലെന്നാണു വിലയിരുത്തല്‍.

സംസ്ഥാനത്ത് മാസം 1,500 കോടി രൂപയുടെ മദ്യ വില്‍പ്പന നടക്കുന്നുണ്ടെന്നാണു കണക്കുകള്‍. അതായത് രണ്ടു ദിവസം കൊണ്ട് 100 കോടിയുടെ വില്‍പ്പന നഷ്ടവും, നികുതി നഷ്ടവും സര്‍ക്കാരിനുണ്ടായി. ചെറുകിട സംരംഭങ്ങളുടെ നഷ്ടവും കയറ്റുമതി നഷ്ടവും കണക്കിലെടുക്കുമ്പോള്‍ മൊത്തം നഷ്ടം 5,500 കോടി കവിയുമെന്നാണു വിലയിരുത്തല്‍. കമ്പനികള്‍ക്കുണ്ടായ അസംസ്‌കൃത വസ്തുക്കളുടേയും മറ്റു ചെലവ് പരിഗണിച്ചാല്‍ കണക്കുകള്‍ ഇനിയും പെരുക്കും.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് പണിമുടക്ക് അധിക ബാധ്യതയായി. പണിമുടക്ക് സമയങ്ങളില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തുക പതിവാണ്. എന്നാല്‍ ഇത്തവണ വലിയതോതില്‍ അധിക സര്‍വീസുകള്‍ ഉണ്ടായില്ല. എന്നിട്ടും നഷ്ടം ആറു കോടിക്കുമേലാണ്. സാധാരണ ഗതിയില്‍ കെഎസ്ആര്‍ടിസിയുടെ പ്രതിദിന ടിക്കറ്റ വരുമാനം 5- 6 കോടിയോളമാണ്.

പ്രതിദിന ഇന്ധനച്ചെലവ് മൂന്നു കോടി കുറച്ചാല്‍ വരുമാനം മൂന്നു കോടി. രണ്ടു ദിവസത്തെ പണിമുടക്കില്‍ നഷ്ടം ആറു കോടിയും. അടുത്തിടെ വന്‍കിട ഉപയോക്താക്കള്‍ക്കുള്ള ഡീസല്‍ വില എണ്ണക്കമ്പനികള്‍ വലിയതോതില്‍ വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് ഇത്തരം അപ്രതീക്ഷിത തിരിച്ചടികള്‍. തിരിച്ചുവരവിന് ശ്രമിക്കുന്ന കെഎസ്ആര്‍ടിസിക്ക് ബാധ്യത വര്‍ധിക്കുകയാണ്.

Related Articles

© 2024 Financial Views. All Rights Reserved