എംഎസ്എംഇ വ്യവസായ യൂണിറ്റുകളുടെ എണ്ണം 5 അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായെന്ന് പി രാജീവ്

July 22, 2021 |
|
News

                  എംഎസ്എംഇ വ്യവസായ യൂണിറ്റുകളുടെ എണ്ണം 5 അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായെന്ന് പി രാജീവ്

സംസ്ഥാനത്തെ എംഎസ്എംഇ വ്യവസായ യൂണിറ്റുകളുടെ എണ്ണം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി വര്‍ധിച്ചെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു. 2016 മുതലുള്ള കാലയളവില്‍ 100 ശതമാനം വര്‍ധനയാണ് എംഎസ്എംഇ യൂണിറ്റുകളുടെ എണ്ണത്തില്‍ ഉണ്ടായത്. സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം സംരംഭകരെ പിന്തിരിപ്പിക്കുന്നതാണെന്ന തരത്തില്‍ തെറ്റായ പ്രചരണം ബോധപൂര്‍വ്വം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

എന്നാല്‍ ഇത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. വ്യവസായ സൗഹൃദാന്തരീക്ഷം സര്‍ക്കാര്‍ നയമായി ഏറ്റെടുത്തിട്ടുണ്ട്. നിക്ഷേപകരുടെ ബുദ്ധിമുട്ടുകള്‍ പരിഗരിക്കുന്നതിന് സ്റ്റാറ്റിയൂട്ടറി ഗ്രീവന്‍സ് റിഡ്രസല്‍ കമ്മിറ്റി രൂപീകരിക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
2018 ലെ കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും നിയമം, കെ. സ്വിഫ്റ്റ്, 2019 ലെ എംഎസ്എംഇ വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ നിയമം, ഇന്‍വെസ്റ്റ്മെന്റ് ഫെസിലിറ്റേഷന്‍ ബ്യൂറോ, വിവിധ ഏജന്‍സികളുടെ സാമ്പത്തിക സഹായ പദ്ധതികള്‍ എന്നിവ വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി നടപ്പാക്കി. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സംരംഭകരുടെ പരാതി കേള്‍ക്കുന്നതിന് മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി നടന്നുവരികയാണ്.

സംരംഭകര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള ഏകീകൃത നയം പുറപ്പെടുവിക്കും. ചെറുകിട ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും പ്രദര്‍ശന കേന്ദ്രം കൊച്ചിയില്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കെ.യു. ജനീഷ് കുമാര്‍, പി.വി. അന്‍വര്‍, എം.മുകേഷ്, ഡോ.സുജിത് വിജയന്‍ പിള്ള, കെ.പി.എ മജീദ്, പി.കെ. ബഷീര്‍, നജീബ് കാന്തപുരം എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി സഭയെ അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved