
കൊച്ചി ആസ്ഥാനമായുള്ള ടെക് സ്റ്റാര്‍ട്ടപ്പ് സ്‌കൈഈസ് ലിമിറ്റ് വികസിപ്പിച്ചെടുത്ത വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോം 'ഫോക്കസില്‍' വിദേശ നിക്ഷേപമെത്തുന്നു. അമേരിക്കയില്‍ നിന്നുള്ള പ്രമുഖ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് കമ്പനിയാണ് ഏഞ്ചല്‍ നിക്ഷേപമായി 20 ലക്ഷം ഡോളര്‍ ഫോക്കസില്‍ നിക്ഷേപിക്കുക.
ഈ കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ ഒരു മലയാളി സ്റ്റാര്‍ട്ട് അപ്പ് കമ്പനി എന്ന നിലയില്‍ വിദേശ നിക്ഷേപം നേടാന്‍ കഴിഞ്ഞത് അഭിമാന നേട്ടമാണെന്ന് സ്‌കൈഈസ് ലിമിറ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സിഇഒയുമായ മനോദ് മോഹന്‍ പറയുന്നു.
'ഏറ്റവും മികച്ചതും നൂതനവുമായ ആശയങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ മലയാളികള്‍ എന്നും മുന്‍പന്തിയിലാണ്. എന്നാല്‍ അതിന്റെ അടുത്ത ഘട്ടത്തില്‍ നിക്ഷേപ സമാഹരണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നേരിടുന്ന പ്രതിസന്ധിയാണ് ഇത്തരം യുവസംരംഭകരെ തളര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ നിക്ഷേപം സ്വീകരിക്കുന്നതിലൂടെ ഫോക്കസിന് അന്താരാഷ്ട്രതലത്തില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കരുത്തേകും. ഫോക്കസിന്റെ റിസേര്‍ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്, സപ്പോര്‍ട്ട്, ബിസിനസ് ഡവലപ്പ്‌മെന്റ് തുടങ്ങിയ മേഖലകള്‍ വികസിപ്പിക്കാനാകും പുതിയ നിക്ഷേപം മുതല്‍ മുടക്കുക. അതിലൂടെ കേരളത്തില്‍ സാങ്കേതിക വിഭാഗത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും വളര്‍ച്ച കൈവരിക്കാനും സാധിക്കും', അദ്ദേഹം കൂട്ടിചേര്‍ത്തു.
വളരെ നൂതനവും സുരക്ഷിതവും, ഫ്‌ലെക്‌സിബിളുമായ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമാണ് 'ഫോക്കസ്'. ലോകമെമ്പാടുമുള്ള ബിസിനസ്സുകളെ വിദൂര പ്രവര്‍ത്തനത്തിലേക്ക് മാറ്റാന്‍ പ്രേരിപ്പിക്കുന്ന ഈ അസാധാരണമായ കാലഘട്ടത്തില്‍, സുരക്ഷിതവും പ്രശ്നരഹിതവുമായ ഒരു വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് അഞ്ച് മാസത്തെ ചുരുങ്ങിയ കാലയളവിലാണ് 'ഫോക്കസ്' വികസിപ്പിച്ചെടുത്തത്. ഒരു ഇന്ത്യന്‍ നിര്‍മ്മിത പ്ലാറ്റ്‌ഫോമായ ഫോക്കസ് വീഡിയോ കോണ്‍ഫറന്‍സിംഗ് രംഗത്ത് മികച്ച സുരക്ഷയേകും.
ഫോക്കസിലൂടെ ഉയര്‍ന്ന നിലവാരമുള്ള വീഡിയോ, ഓഡിയോ മീറ്റിങ്ങുകള്‍ സാധ്യമാണ്. ഏതു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലേക്കും ലൈവ് പോകാമെന്നതും പ്രത്യേകതയാവുന്നു. സ്‌ക്രീന്‍ ഷെയര്‍ സൗകര്യം, ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സൌകര്യം എന്നിവയ്ക്ക് പുറമെ സംയോജിത ചാറ്റ് ഓപ്ഷന്‍, ഫയല്‍ ഷെയറിങ് എന്നീ സൗകര്യങ്ങളും ഫോക്കസിലുണ്ട്.
കോവിഡിന്റെ തിരിച്ചടികളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് പ്രതിസന്ധികളെ പുതിയ അവസരമാക്കി മാറ്റിയവരുടെ കൂട്ടത്തിലാണ് ഫോക്കസിന് പിന്നിലെ സ്‌കൈ ഈസ് ലിമിറ്റ് ടീം. കോവിഡിനെ തുടര്‍ന്ന് വര്‍ധിച്ച വീഡിയോ കോണ്‍ഫറന്‍സ് സേവനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് നടത്തിയ നീക്കമായിരുന്നു അത്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലും വിന്‍ഡോസ്, മാക് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളിലും ഫോക്കസ് ഉപയോഗിക്കാനാകും.