കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ 'നീം ജി' ഇനി മുതല്‍ വിദേശ നിരത്തുകളിലും; ആദ്യ ഘട്ടത്തില്‍ കയറ്റുമതി നേപ്പാളിലേക്ക്

October 21, 2020 |
|
News

                  കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ 'നീം ജി' ഇനി മുതല്‍ വിദേശ നിരത്തുകളിലും;  ആദ്യ ഘട്ടത്തില്‍ കയറ്റുമതി നേപ്പാളിലേക്ക്

തിരുവനന്തപുരം: കേരള സര്‍ക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോ 'നീം ജി' ഇനി മുതല്‍ വിദേശ നിരത്തുകളിലും ഓടിത്തുടങ്ങും. ആദ്യ ഘട്ടത്തില്‍ നേപ്പാളിലേക്കാണ് ഓട്ടോറിക്ഷകള്‍ കയറ്റിയയക്കുന്നത്. 25 യൂണിറ്റാണ് ആദ്യ ഘട്ടത്തില്‍ നേപ്പാള്‍ വിപണിയിലേക്ക് എത്തുക.

ഒരു വര്‍ഷം 500 ഇ-ഓട്ടോകള്‍ നേപ്പാളില്‍ വിറ്റഴിക്കാനാവുമെന്നാണ് കേരള സര്‍ക്കാരിന്റെ പ്രതീക്ഷ. ഒറ്റ ചാര്‍ജില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നതാണ് നീം ജി ഓട്ടോകളുടെ പ്രത്യേകത. കൊവിഡ് വ്യാപനം പരിഗണിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവറെയും യാത്രക്കാരെയും തമ്മില്‍ വേര്‍തിക്കാനുള്ള സംവിധാനമടക്കം നീം ജിയില്‍ ഒരുക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നേപ്പാളിന് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലേയ്ക്കും കയറ്റുമതി ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കേരളത്തിലെ വിവിധ ഡീലര്‍മാര്‍ക്ക് പുറമെ, തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്ര, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലും നീം ജിക്ക് വിപുലമായ വിതരണ ശൃംഖല തയ്യാറായി വരുകയാണ്.

Related Articles

© 2025 Financial Views. All Rights Reserved