
തിരുവനന്തപുരം: രാജ്യത്ത് തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതെന്ന് സര്‍വേ ഫലം. കേന്ദ്രസര്‍ക്കാര്‍ നടത്തിയ പീരിയോഡിക് ലേബര്‍ ഫോര്‍സ് സര്‍വേ ഫലം പ്രകാരം കേരളത്തില്‍ 15 നും 29 നും ഇടയില്‍ പ്രായമുള്ളവരില്‍ തൊഴിലില്ലാത്തവരുടെ എണ്ണം 40.5 ശതമാനമാണ്. ദേശീയ ശരാശരിയാകട്ടെ 21 ശതമാനവും. 2020 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്തെ കണക്കാണിത്.
ഈ വര്‍ഷം ജനുവരി 14 ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 36 ശതമാനമാണെന്നായിരുന്നു. ഇതും ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണ്. 17 ശതമാനമാണ് ദേശീയ ശരാശരി. 2018-19 കാലത്തെ കണക്കാണിത്.
കൊവിഡ് കാലത്തിന് മുന്‍പത്തെ കണക്കാണ് ഇവ രണ്ടും എന്നത് കൊണ്ട് തന്നെ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. 2019 ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഇതില്‍ 11.57 ശതമാനം വര്‍ധനയാണ് തൊട്ടടുത്ത പാദവാര്‍ഷിക കാലത്ത് ഉണ്ടായത്. പ്രമുഖ വാര്‍ത്താ മാധ്യമമായ ദ ന്യൂസ് മിനിറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.