
സഫയര്‍ ഫുഡ്സ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) നവംബര്‍ ഒമ്പതിന് ആരംഭിക്കും. നവംബര്‍ 11ന് ഐപിഒ അവസാനിക്കും. നവംബര്‍ 22ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് സഫയര്‍ പദ്ധതി ഇടുന്നത്. രാജ്യത്തെ കെഎഫ്സി, പിസാ ഹട്ട് തുടങ്ങിയവയുടെ നടത്തിപ്പുകാരാണ് സഫയര്‍ ഫുഡ്സ്. നിലവിലുള്ള ഷെയര്‍ ഹോള്‍ഡര്‍മാരുടെയും പ്രൊമോട്ടര്‍മാരുടെയും 17.57 ദശലക്ഷം ഓഹരികളാണ് ഐപിഒയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ക്യുഎസ്ആര്‍ മാനേജ്‌മെന്റ് ട്രസ്റ്റ് 8.50 ലക്ഷം ഓഹരികളും സഫയര്‍ ഫുഡ്‌സ് മൗറീഷ്യസ് ലിമിറ്റഡിന്റെ 5.57 ദശലക്ഷം ഓഹരികളും ഡബ്യുഡബ്യുഡി റൂബി ലിമിറ്റഡിന്റെ 4.85 ദശലക്ഷം ഓഹരികളും വില്‍ക്കും.
നിലവില്‍, സഫയര്‍ ഫുഡ്‌സ് മൗറീഷ്യസിന് 46.53 ശതമാനം ഓഹരികളാണ് കമ്പനിയില്‍ ഉള്ളത്. ക്യുഎസ്ആര്‍ മാനേജ്‌മെന്റ് ട്രസ്റ്റിന് 5.96 ശതമാനവും ഡബ്യുഡബ്യുഡി റൂബിക്ക് 18.79 ശതമാനം ഓഹരികളുമുണ്ട്. ജെഎം ഫിനാന്‍ഷ്യല്‍, ബോഫ സെക്യൂരിറ്റീസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് എന്നിവരാണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍മാര്‍.
അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് കമ്പനിയായ യമ്മിന്റെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയാണ് സഫയര്‍ ഫുഡ്സ്. സഫയറിന്റെ കീഴില്‍ ഇന്ത്യയിലും മാലിദ്വീപിലുമായി 204 കെഎഫ്സി റസ്റ്റോറന്റുകളുണ്ട്. ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക എന്നീ മൂന്ന് രാജ്യങ്ങളിലായി 231 പിസാഹട്ടുകളും സഫയര്‍ നടത്തുന്നു്.
2020-21 സാമ്പത്തിക വര്‍ഷം സഫയറിന്റെ വരുമാനം 1,019.62 കോടി രൂപയായിരുന്നു. അറ്റ നഷ്ടം 99.89 കോടിയും. തൊട്ടു മുമ്പുള്ള വര്‍ഷം ഇത് യാഥാക്രമം 1,340.41 കോടി, 159.25 കോടി എന്നിങ്ങനെയായിരുന്നു. 75.66 കോടി രൂപയാണ് ആകെ കടം.