
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ രജിസ്റ്ററി സേവനദാതാക്കളും നിക്ഷേപ സേവന വ്യവസായത്തിലെ മുന്‍നിരകമ്പനികളിലൊന്നുമായ കെഫിന്‍ ടെക്നോളജീസ് ഇന്‍ഷുര്‍ടെക് സ്റ്റാര്‍ട്ടപ്പ് ആയ ആര്‍ട്ടിവെറ്റിക്.എഐയില്‍ നിക്ഷേപം നടത്തും. ഉത്പന്ന നിര വിപുലപ്പെടുത്തുവാനും പുതിയ ബിസിനസ് മേഖലകള്‍ കണ്ടെത്തുവാനും ഇന്ത്യയൊട്ടാകെ പ്രവര്‍ത്തനം വിപുലപ്പെടുത്തുവാനുമാണ് ആര്‍ട്ടിവെറ്റിക്.എഐ ഈ ഫണ്ട് ഉപയോഗിക്കുക. ഈ പങ്കാളിത്തം വഴി ഇന്‍ഷുര്‍ടെക് ഇടത്തില്‍ പ്രവേശിക്കുവാന്‍ കെഫിന്‍ ടെക്നോളജീസിനു സാധിക്കുമെന്ന് കെ ഫിന്‍ ടെക്നോളജീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീകാന്ത് നടെല്ല പറഞ്ഞു.
അണ്ടര്‍റൈറ്റിംഗ്, ക്ലെയിമുകള്‍, റിസ്‌ക്, വഞ്ചന ഇന്റലിജന്‍സ്, വിതരണം, നവയുഗ ഉത്പന്ന രൂപകല്‍പ്പന, സെയില്‍സ് ഇന്റലിജന്‍സ് തുടങ്ങി വൈവിധ്യമാര്‍ന്ന ഇന്‍ഷുറന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക്, റിസ്‌ക് അടിസ്ഥാനമാക്കിയുള്ള വ്യക്തിഗത ഓട്ടോമേറ്റഡ് സൊലൂഷനുകളാണ് ആര്‍ട്ടിവെറ്റിക്.എഐ നല്‍കുന്നത്. ഇന്‍ഷുറര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരേപോലെ പ്രയോജനപ്പെടുന്നതാണ് കമ്പനിയുടെ സൊലൂഷന്‍. ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്കെയര്‍ സേവനമേഖലയില്‍ നൂതന പരിഹാരങ്ങള്‍ നിര്‍മിക്കുവാനും ശക്തിപ്പെടുത്തുവാനും ഈ നിക്ഷേപം സഹായിക്കുമെന്ന് ആര്‍ട്ടിവെറ്റിക്.എഐ സഹസ്ഥാപകന്‍ ലായക് സിംഗ് അഭിപ്രായപ്പെട്ടു.
നിലവില്‍ കേരളത്തിലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. നൂതനാശയങ്ങളുടേയും സാങ്കേതികവിദ്യകളുടേയും കരുത്തില്‍ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം വളര്‍ത്തി സമ്പദ്ഘടനയില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) 4.32 കോടി രൂപയുടെ ഗ്രാന്റ് ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. 52 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്പ്പന്നവത്ക്കരണത്തിന് 3.5 കോടിരൂപയും 41 നൂതനാശയങ്ങള്‍ക്ക് 82 ലക്ഷം രൂപയുമാണ് ഗ്രാന്റായി നല്‍കുന്നത്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സര്‍ക്കാരും വിവിധ ഇടപെടലുകള്‍ നടത്തുന്നുണ്ട്. 750 കോടിരൂപയുടെ നിക്ഷേപം ഉറപ്പുവരുത്തുന്നതിനായി ഫണ്ട് ഓഫ് ഫണ്ട് സ്‌കീമിന്റെ ഭാഗമായി നാല് ഫണ്ടുകളുമായി സര്‍ക്കാര്‍ സഹകരിച്ച് വരികയാണ്.
ഇതുവരെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ 15 കോടി രൂപ അനുവദിക്കുകയും 298 നൂതനാശയകര്‍ത്താക്കള്‍ക്കായി 12 കോടി രൂപ വിതരണം നടത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം സ്റ്റാര്‍ട്ടപ്പ് മിഷന്‍ 61 നൂതനാശയകര്‍ത്താക്കള്‍ക്ക് 1.54 കോടി രൂപ നല്‍കിയിരുന്നു. 18 കോടി രൂപയുടെ സീഡ് ലോണ്‍ നൂറ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നല്‍കി. 2020 ലെ കോവിഡ് കാലഘട്ടത്തില്‍ 21 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2.3 കോടി രൂപയും സര്‍ക്കാര്‍ നല്‍കുകയുണ്ടായി.