
ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ നിന്ന് മാസ്‌കുകള്‍ വിദേശ വിപണികളിലേക്ക്. ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ് കമ്മിഷനാണ് മാസ്‌കുകള്‍ കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. അമേരിക്ക, ദുബൈ, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് ശ്രമം. വാണിജ്യ മന്ത്രാലയം നോണ്‍ മെഡിക്കല്‍ മാസ്‌കുകള്‍ക്കുള്ള കയറ്റുമതി വിലക്ക് നീക്കിയാലുടന്‍ ഇതുണ്ടാവും.
വിവിധ തരം മാസ്‌കുകളാണ് ഖാദി നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് പാളികളുള്ളതും മൂന്ന് പാളികളുള്ളതും സില്‍ക് മാസ്‌കും നിര്‍മ്മിച്ചിട്ടുണ്ട്. എട്ട് ലക്ഷം മാസ്‌കുകള്‍ക്കുള്ള ഓര്‍ഡറുകളാണ് ഖാദിക്ക് ലോക്ക്ഡൗണ്‍ കാലത്ത് ലഭിച്ചത്. ആറ് ലക്ഷം മാസ്‌കുകള്‍ വിതരണം ചെയ്തു. രാഷ്ട്രപതി ഭവന്‍, പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര സര്‍ക്കാരിലെ വിവിധ മന്ത്രാലയങ്ങള്‍, ജമ്മു കശ്മീര്‍ സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമാണ് ഓര്‍ഡറുകള്‍ ലഭിച്ചത്.
ഏഴര ലക്ഷം മാസ്‌കുകള്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സൗജന്യമായി നല്‍കിയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും കയറ്റുമതിക്ക് ശ്രമിക്കുന്നുണ്ട്. ഇതിനെ വലിയ പ്രതീക്ഷയോടെയാണ് ഖാദി അധികൃതര്‍ കാണുന്നത്. നെയ്ത്തുകാര്‍ക്കടക്കം തൊഴിലവസരം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. കയറ്റുമതി വര്‍ധിക്കുന്നതും ഉല്‍പ്പാദനം ഉയരുന്നതും ഇന്ത്യന്‍ വാണിജ്യരംഗത്തിനും പുത്തനുണര്‍വാകും.