
തിരുവനന്തപുരം: പശ്ചാത്തല വികസന പദ്ധതിയും ഭൂമി ഏറ്റെടുക്കല്‍ പദ്ധതിയും ഉള്‍പ്പെടെ 2613.38 കോടി രൂപയുടെ 77പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന കിഫ്ബി എക്സിക്യുട്ടിവ് ഗവേര്‍ണിങ് ബോഡി യോഗങ്ങള്‍ ആണ് അനുമതി നല്‍കിയത്. 43,250.66 കോടി രൂപയുടെ 889 പശ്ചാത്തല വികസന പദ്ധതികള്‍, 20,000 കോടി രൂപയുടെ 6 ഭൂമി ഏറ്റെടുക്കല്‍ പദ്ധതികള്‍ക്കുമുള്‍പ്പെടെ കിഫ്ബി അംഗീകാരം നല്‍കിയ പദ്ധതികളുടെ തുക ആകെ 63250.66 കോടി രൂപയായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഈ വര്‍ഷം കിഫ്ബി 10,000 കോടി രൂപ ചെലവാക്കും. അടുത്ത വര്‍ഷം 10,000 കോടി വായ്പയെടുക്കും. ഡയസ്‌പോറ ബോണ്ടിനായി കിഫ്ബി നടപടി ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഭാവി സര്‍ക്കാരിനു മേല്‍ കിഫ്ബി ബാധ്യതയാവില്ലെന്നും കിഫ്ബി പദ്ധതികളുടെ മേല്‍നോട്ടം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
147 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കായി 433.46 കോടി രൂപ, സര്‍വകലാശാലകള്‍ക്കായി 175.12 കോടി, ആശുപത്രി നവീകരണത്തിനായി 1106.51 കോടി, പൊതുമരാമത്തിനായി 504.53 കോടി, തീയറ്റര്‍ സമുച്ചയങ്ങള്‍ക്ക് 42.93 കോടി, കാലടി മാര്‍ക്കറ്റ് നവീകരണത്തിനായി 1287 കോടി, കോടതി സമുച്ചയങ്ങള്‍ക്കായി 169.99 കോടി, വ്യവസായം - 262.76 കോടി, ജലവിഭവം - 52.48 കോടി, ഫിഷറീസ് 42.49 കോടി രൂപ എന്നിങ്ങനെയാണ് 2613.38 കോടിയുടെ 77 പദ്ധതികളിലെ പ്രധാനപ്പെട്ടവ.
കാലിക്കറ്റ്, കണ്ണൂര്‍, കേരള സര്‍വ്വകലാശാലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും തഴവ ആര്‍ട്സ്& സയന്‍സ കോളേജിന്റെ നവീകരണത്തിനുമായാണ് 175.12 കോടി രൂപ വകയിരുത്തിയിരിക്കുന്നത്. ആശുപത്രികളുടെ നവീകരണത്തിനായി - 1106.51 കോടി രൂപ വകയിരുത്തിയതില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്, മലബാര്‍ കാന്‍സര്‍ സെന്റര്‍, പാലക്കാട്, കൊല്ലം ജില്ലാ ആശുപത്രികള്‍, തലശ്ശേരി ഡബ്ല്യൂ&സി, ബേദഡുക്ക, ചേര്‍ത്തല, ഇരിട്ടി, നീലേശരം, പട്ടാമ്പി, ആലത്തൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പൊന്നാനി, തിരൂരങ്ങാടി, മകല്‍പ്പാടി താലൂക്ക് ആശുപത്രികള്‍, തിരുവനന്തപുരം ജനറല്‍ ആശുപത്രി എന്നിവയാണ് ഉള്‍പ്പെടുന്നത്.
വൈക്കം, പായം, കാക്കനാട് തിയറ്റര്‍ സമുച്ചയങ്ങള്‍ക്കായി 42.93 കോടി രൂപയും കാനേത്താട്, പൂനൂര്‍പുഴ ആര്‍സിബി ജലവിഭവത്തിനായി 52.48 കോടി രൂപയും കൂത്തുപറമ്പ്, പത്തനംതിട്ട, പാലക്കാട്, നെടുങ്കണ്ടം, പീരുമേട് കോടതി സമുച്ചയങ്ങള്‍ക്കായി 169.99 കോടി രൂപയും ആലപ്പുഴ ഓങ്കോളജി പാര്‍ക്കിന് 62.76 കോടി രൂപയും ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഭൂമി ഏറ്റെടുക്കലിനായി 200 കോടി രൂപയും കിഫ്ബി വകയിരുത്തിയിട്ടുണ്ട്. ആറ്റിങ്ങല്‍, കുണ്ടറ, മണ്ണഞ്ചേരി, ചെത്തി, പള്ളിമുക്ക്, സൗത്ത് പരവൂര്‍, അഞ്ചല്‍, കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം, പുന്നമൂട്, വിളവൂര്‍ക്കല്‍, കടയ്ക്കാവൂര്‍, കുമ്പഴ, അടൂര്‍, ചേര്‍ത്തല, കുന്നംകുളം എന്നീ മത്സ്യമാര്‍ക്കറ്റുകളടെ നവീകരണത്തിനായി 42.49 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.