
കിഫ്ബി മസാല ബോണ്ട് പുറത്തിറക്കിയത് അന്നത്തെ കിഫ്ബി ഡയറക്ടര്‍ ബോര്‍ഡിന്റെ എതിര്‍പ്പ് വക വയ്ക്കാതെ ആയിരുന്നുവെന്ന രേഖകള്‍ പുറത്ത്. അന്നത്തെ ചീഫ് സെക്രട്ടറി ആയിരുന്ന ടോം ജോസും ധന സെക്രട്ടറി മനോജ് ജോഷിയും മസാല ബോണ്ടിന് എതിരെ എതിര്‍പ്പ് അറിയിച്ചിരുന്നു. 2018 ഒക്ടോബര്‍ രണ്ടിന് ചേര്‍ന്ന യോഗത്തിലാണ് ഇരുവരും എതിര്‍പ്പ് അറിയിച്ചത്. എന്നാല്‍ ഇത് വക വയ്ക്കാതെ മസാല ബോണ്ട് പുറത്തിറക്കുകയായിരുന്നു.
2018 ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 34-ാം ജനറല്‍ ബോഡി യോഗത്തിലാണ് 14-ാം അജന്‍ഡയായി മസാല ബോണ്ട് ഉണ്ടായിരുന്നതെന്ന് മാതൃഭൂമി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാല ബോണ്ട് ഇറക്കി ധനം സമാഹരിക്കാന്‍ കിഫ്ബി സി.ഇ.ഒ. ബോര്‍ഡിന്റെ അനുമതി തേടുകയുമായിരുന്നു യോഗത്തില്‍.
ഈ യോഗത്തില്‍ രാജ്യത്തിനകത്ത് കുറഞ്ഞ പലിശയ്ക്ക് ബോണ്ട് ഇറക്കി പണം സമാഹരിക്കാന്‍ സാധിക്കുമെന്നിരിക്കെ എന്തിന് കൂടിയ പലിശയ്ക്ക് മസാല ബോണ്ട് ഇറക്കണമെന്ന് മനോജ് ജോഷി ചോദിച്ചിരുന്നു. പൊതുവേ വിദേശ വിപണിയില്‍ പലിശ കുറഞ്ഞു നില്‍ക്കുമ്പോള്‍ എന്തുകൊണ്ട് മസാല ബോണ്ടിന്റെ പലിശ നിരക്ക് ഉയര്‍ന്നിരിക്കുന്നു എന്ന് ടോം ജോസ് യോഗത്തില്‍ ചോദ്യം ചെയ്തിരുന്നുവെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ബോര്‍ഡ് അംഗങ്ങളായ സുശീല്‍ ഖന്ന, ആര്‍.കെ. നായര്‍ തുടങ്ങിയവര്‍ ബോണ്ടിനെ അനുകൂലിക്കുകയും ബോണ്ട് ഇറക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തുവെന്നും പലിശ നിരക്ക് കൂടിയാലും രാജ്യാന്തര വിപണിയില്‍ പ്രവേശിക്കാനുള്ള അവസരം ഉപയോഗിക്കാമെന്ന നിലപാട് ധനമന്ത്രി തോമസ് ഐസക്ക് സ്വീകരിച്ചുവെന്നുമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട്.