
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ആശുപത്രി ശൃംഖലയായ 'കിംസ് ഹെല്‍ത്ത്' പ്രാഥമിക ഓഹരി വില്പന (ഐപിഒ) നടത്തി സ്റ്റോക്ക് എക്‌സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തോടെ ഓഹരികള്‍ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ നിന്നുള്ള രണ്ടു ഡസനിലേറെ കമ്പനികളുടെ ഓഹരികള്‍ ബോംബേ സ്റ്റോക് എക്‌സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക് എക്‌സ്ചേഞ്ചിലും വ്യാപാരം ചെയ്യപ്പെടുന്നുണ്ട്. ഐപിഒ പൂര്‍ത്തിയാകുന്നതോടെ ഈ നിരയിലേക്ക് കിംസ് ഹെല്‍ത്തുമെത്തും.
ഐപിഒയ്ക്കു മുന്നോടിയായി മര്‍ച്ചന്റ് ബാങ്കര്‍മാരുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടയിലാണ് കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചത്. എന്നാല്‍, ഇതിനിടയിലും കമ്പനിക്ക് കീഴിലുള്ള ഇന്ത്യയിലെയും വിദേശങ്ങളിലെയും ആശുപത്രികളും ക്ലിനിക്കുകളും മറ്റ് സംരംഭങ്ങളുമൊക്കെ സംയോജിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും 'കിംസ് ഹെല്‍ത്ത്' എന്ന പുതിയ ബ്രാന്‍ഡ് നാമം സ്വീകരിക്കുകയും ചെയ്തു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മര്‍ച്ചന്റ് ബാങ്കറെ നിയോഗിച്ച് ഐപിഒയ്ക്കായുള്ള കരടുരേഖകള്‍ ഓഹരി വിപണി നിരീക്ഷണ ബോര്‍ഡായ 'സെബി'ക്ക് സമര്‍പ്പിക്കാനാണ് പദ്ധതിയെന്ന് കിംസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള വ്യക്തമാക്കി.
ആഗോള പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ സ്ഥാപനങ്ങളായ അസെന്റ് ക്യാപിറ്റല്‍, ഓര്‍ബിമെഡ് അഡൈ്വസേഴ്സ് എന്നിവ കിംസില്‍ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍ 2017-ല്‍ വലിയ നേട്ടത്തിന് അവരുടെ ഓഹരികള്‍ അമേരിക്കന്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ 'ട്രൂ നോര്‍ത്തി'ന് വിറ്റു. ഐപിഒയില്‍ ട്രൂ നോര്‍ത്തിന്റെ ഓഹരികളില്‍ ഒരു വിഹിതം വില്‍ക്കുമെന്നാണ് സൂചന.
കിംസിന്റെ നാള്‍വഴികള്‍
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ജനറല്‍ മെഡിസിന്‍ അധ്യാപകനായിരുന്ന ഡോ. എം.ഐ. സഹദുള്ള, പിന്നീട് അവധിയെടുത്ത് വിദേശത്ത് ജോലി തേടി പോയി. ആദ്യം യു.കെ.യിലും പിന്നീട് ദീര്‍ഘകാലം സൗദിയില്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ 'അരാംകോ'യുടെ ആശുപത്രിയിലും സേവനമനുഷ്ഠിച്ചു. ഇതിനിടെ, സുഹൃത്ത് ഡോ. ജി. വിജയരാഘവനുമായുള്ള സൗഹൃദ സംഭാഷണങ്ങള്‍ക്കിടയിലാണ് സ്വന്തം നാടായ തിരുവനന്തപുരത്ത് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങണമെന്ന ആശയം ഉദിച്ചത്.
തിരുവനന്തപുരം ഇത്തരം സംരംഭങ്ങള്‍ക്ക് പറ്റിയ സ്ഥലമല്ലെന്ന് പലരും ഉപദേശിച്ചെങ്കിലും ഡോ. സഹദുള്ളയ്ക്ക് അവിടെ മികച്ച പ്രസ്ഥാനം കെട്ടിപ്പടുക്കാനാകുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ സുഹൃത്തുക്കളായ ഡോക്ടര്‍മാരെയും സംരംഭകരെയും ചേര്‍ത്ത് 1995-96 കാലയളവിലാണ് 'കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്' എന്ന പേരില്‍ കമ്പനിക്ക് തുടക്കം കുറിച്ചത്. തിരുവനന്തപുരത്ത് കുമാരപുരത്ത് സ്ഥലം വാങ്ങി ആശുപത്രി നിര്‍മാണവും തുടങ്ങി. തടസ്സങ്ങളൊക്കെ തീര്‍ത്ത് 2002-ലാണ് കിംസ് പ്രവര്‍ത്തന സജ്ജമായത്. 250 കിടക്കകളുമായിട്ടായിരുന്നു തുടക്കം.
തുടക്കത്തില്‍ ആശുപത്രിക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് മടിയായിരുന്നു. പക്ഷേ, 'ഹഡ്കോ'യില്‍ നിന്ന് വായ്പ ലഭിച്ചു. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും തുടക്കത്തില്‍ പങ്കാളിയായി എത്തി. കെ.എസ്.ഐ.ഡി.സി.യുടെ ബാധ്യതകള്‍ ആദ്യം തന്നെ തീര്‍ത്തു. തുടക്കം മുതല്‍ മികച്ച ധനകാര്യ മാനേജ്മെന്റ് കാത്തുസൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അതിനാല്‍, അഞ്ചു വര്‍ഷം പൂര്‍ത്തിയായതോടെ തന്നെ ഓഹരി ഉടമകള്‍ക്ക് ലാഭവീതം നല്‍കാന്‍ കിംസിന് കഴിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് വന്‍ വിജയമായതോടെ തിരുവനന്തപുരത്ത് പുതിയ ആശുപത്രി ബ്ലോക്ക് വികസിപ്പിച്ചു.
വിപുലീകരണത്തിന് ഒരുങ്ങുന്നു
ഇന്ന് കിംസ് ഹെല്‍ത്തിനു കീഴില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ആശുപത്രികളുണ്ട്. ഇതിനു പുറമെ, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ. എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്. വലിയ ആശുപത്രികള്‍ക്കു പുറമെ, ആധുനിക സൗകര്യങ്ങളുമായി മെഡിക്കല്‍ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കവടിയാറും കമലേശ്വരത്തും ഇത്തരത്തില്‍ മെഡിക്കല്‍ സെന്ററിന് തുടക്കം കുറിച്ചിരിക്കുകയാണ്.
നിലവില്‍ കേരളത്തിലും ഗള്‍ഫിലുമായി 2,000 കിടക്കകളാണ് ഉള്ളത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് 3,000 ആയി ഉയര്‍ത്താനുള്ള ശ്രമങ്ങളിലാണെന്ന് ഡോ. സഹദുള്ള പറഞ്ഞു. തിരുവനന്തപുരത്ത് കുമാരപുരത്തെ കാമ്പസില്‍ 250 കിടക്കകളുള്ള പുതിയ ബ്ലോക്കിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. റോബോട്ടിക് സര്‍ജറി, ട്രാന്‍സ്പ്ലാന്റ് സര്‍ജറി തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് ഈ കോംപ്ലക്‌സില്‍ സജ്ജമാക്കിയിരിക്കുന്നത്. മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്കും എക്‌സിക്യുട്ടീവ് വിഭാഗങ്ങളിലുള്ളവര്‍ക്കും ഇവിടെയായിരിക്കും ചികിത്സ.
നാഗര്‍കോവിലില്‍ 200 കിടക്കകളുള്ള ആശുപത്രിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലും ആശുപത്രികള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍, ആഫ്രിക്ക എന്നിവിടങ്ങളിലും പ്രവര്‍ത്തനം ശക്തിപ്പെടുത്തും. റീഹാബിലിറ്റേഷന്‍ സെന്ററുകള്‍, ലാബുകള്‍ എന്നിവയുടെ ശൃംഖലയും വികസന ലക്ഷ്യങ്ങളില്‍ പെടുന്നു.