
ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും ആഗോള ഇവി നിര്‍മ്മാതാക്കളായ ഐമ ടെക്‌നോളജി ഗ്രൂപ്പുമായി സഹകരണം പ്രഖ്യാപിച്ച് കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ് പവര്‍ സൊല്യൂഷന്‍സ്. ചൈനീസ് കമ്പനിയായ എയ്മയുടെ അതിവേഗ സ്‌കൂട്ടര്‍ പ്ലാറ്റ്ഫോമില്‍ നിന്നുള്ള മോഡലുകള്‍ ഉള്‍പ്പെടെ 2022-23ല്‍ കുറഞ്ഞത് മൂന്ന് പുതിയ മോഡലുകളെങ്കിലും അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായും ഇത് വൈദ്യുത തരംഗത്തില്‍ സഞ്ചരിക്കുന്ന സ്‌കൂട്ടര്‍ സെഗ്മെന്റിലേക്കുള്ള കൈനറ്റിക്കിന്റെ പുന:പ്രവേശത്തെ അടയാളപ്പെടുത്തുന്നുവെന്നും ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് കൈനറ്റിക്കും എയ്മയും ദീര്‍ഘകാല സാങ്കേതിക സഹകരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഭാവിയില്‍ ഒരു സംയുക്ത സംരംഭം അവതരിപ്പിക്കുന്നതിനായി ഇരു പങ്കാളികളും പ്രവര്‍ത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പങ്കാളിത്തത്തിലൂടെ, കൈനറ്റിക് അതിന്റെ ബിസിനസ് മികച്ച രീതിയില്‍ വികസിപ്പിക്കാന്‍ പദ്ധതിയിടുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 500,000 യൂണിറ്റുകളായി ശേഷി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും കമ്പനി വ്യക്തമാക്കി.
തങ്ങളുടെ ഇരുചക്രവാഹനങ്ങളായ കൈനറ്റിക് ഹോണ്ട സ്‌കൂട്ടറുകള്‍, കൈനറ്റിക് ലൂണ മോപ്പെഡുകള്‍ എന്നിവയുടെ വിജയം പുതിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിലൂടെ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കൈനറ്റിക്. ഈ ബ്രാന്‍ഡുകള്‍ക്ക് ഇപ്പോഴും ഉയര്‍ന്ന ബ്രാന്‍ഡ് മൂല്യവും വിപണിയില്‍ മികച്ച ഡിമാന്‍ഡും ഉണ്ട്. ഷാങ്ഹായ് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് എയ്മ. കൂടാതെ 87 രാജ്യങ്ങളില്‍ സാന്നിധ്യവും 50 ദശലക്ഷത്തിലധികം യൂണിറ്റുകളുടെ ആഗോള വില്‍പ്പനയും ഉള്ള ലോകത്തിലെ ഏറ്റവും വലിയ ഇ-വാഹന നിര്‍മ്മാതാക്കളില്‍ ഒരാളും കൂടിയാണ് എയ്മ. ഇരു കമ്പനികളും ചേര്‍ന്ന് ഭാവിയില്‍ കോ-ബ്രാന്‍ഡഡ് മോഡലുകള്‍ അവതരിപ്പിക്കാനും സാധ്യയതയുണ്ട്.