തുടര്‍ച്ചയായ അഞ്ചാം ദിനവും കിറ്റെക്സ് ഓഹരികള്‍ കുതിക്കുന്നു; 7 ദിവസം കൊണ്ട് സാബു ജേക്കബ് നേടിയത് 222 കോടി രൂപ

July 13, 2021 |
|
News

                  തുടര്‍ച്ചയായ അഞ്ചാം ദിനവും കിറ്റെക്സ് ഓഹരികള്‍ കുതിക്കുന്നു;  7 ദിവസം കൊണ്ട് സാബു ജേക്കബ് നേടിയത് 222 കോടി രൂപ

ന്യൂഡല്‍ഹി: തുടര്‍ച്ചയായ അഞ്ചാം ദിനവും കിറ്റെക്സ് ഓഹരികള്‍ വിപണിയില്‍ കുതിക്കുകയാണ്. കേരള സര്‍ക്കാരുമായുള്ള തര്‍ക്കവും തെലങ്കാനയിലേക്കുള്ള ചുവടുമാറ്റവും കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡിന് പുത്തനുണര്‍വ് സമ്മാനിച്ചിരിക്കുന്നു. ചൊവാഴ്ച്ച രാവിലെത്തന്നെ ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കിറ്റെക്സ് ഓഹരികള്‍ 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടു.

രാവിലെ 9.15 -ന് 177.80 രൂപയില്‍ വ്യാപാരം തുടങ്ങിയ കിറ്റെക്സ് 9.16 -ന് 185.50 രൂപയിലെത്തി. ഓഹരി വിലയില്‍ ഇന്നുണ്ടായ മാറ്റം 16.85 രൂപ (9.99 ശതമാനം നേട്ടം). കഴിഞ്ഞ 52 ആഴ്ച്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് കിറ്റെക്സ് ഓഹരികള്‍ ഇപ്പോഴുള്ളത്. ഇന്നലെ 168.65 രൂപയില്‍ കമ്പനി വ്യാപാരം പൂര്‍ത്തിയാക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 69.25 ശതമാനം നേട്ടമാണ് കിറ്റെക്സ് ഓഹരികള്‍ കയ്യടക്കിയത്. ജൂലായ് ഏഴിന് 109 രൂപയുണ്ടായിരുന്ന കിറ്റെക്സ് ഓഹരി വില 75.90 രൂപ വര്‍ധിച്ച് 185.50 രൂപയിലേക്ക് ഇന്നെത്തി. വിപണിയില്‍ വില്‍ക്കപ്പെടുന്ന കിറ്റെക്സ് ഓഹരികളുടെ എണ്ണത്തിലും രണ്ടിരട്ടിയിലേറെ വര്‍ധനവ് സംഭവിച്ചിട്ടുണ്ട്.

ഒരുഭാഗത്ത് കിറ്റെക്സ് ഓഹരികളുടെ വില കുതിച്ചുയരുമ്പോള്‍ കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സാബു ജേക്കബിന്റെ സമ്പത്തും ക്രമാനുഗതമായി വര്‍ധിക്കുകയാണ്. കഴിഞ്ഞ ഏഴു ദിവസം കൊണ്ട് സാബു ജേക്കബ് 222 കോടിയോളം രൂപ സമ്പാദിച്ചതായാണ് സൂചന. കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡിന്റെ 55 ശതമാനം ഓഹരി പങ്കാളിത്തം സാബു ജേക്കബിനുണ്ട്.

കേരളത്തില്‍ സൗഹാര്‍ദപരമായ വ്യവസായ അന്തരീക്ഷമില്ലെന്ന ആക്ഷേപം ഉയര്‍ത്തിയാണ് കിറ്റെക്‌സ് മാനേജിങ് ഡയറക്ടര്‍ സാബു ജേക്കബ് തെലങ്കാനയിലേക്ക് കളം മാറ്റുന്നത്. തെലങ്കാനയിലെ വാറങ്കല്‍ കാകതിയ മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്കില്‍ 1,000 കോടി രൂപയുടെ തുണിത്തര ഫാക്ടറി സ്ഥാപിക്കാന്‍ തെലങ്കാന സര്‍ക്കാരും കിറ്റെക്‌സ് ഗ്രൂപ്പും ധാരണയിലെത്തിയിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved