കേരളത്തെ തള്ളി: തെലങ്കാനയില്‍ 1000 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കിറ്റക്‌സ്; 400 പേര്‍ക്ക് തൊഴില്‍

July 10, 2021 |
|
News

                  കേരളത്തെ തള്ളി: തെലങ്കാനയില്‍ 1000 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കിറ്റക്‌സ്; 400 പേര്‍ക്ക് തൊഴില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ 1000 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കിറ്റക്‌സ്. തെലങ്കാന വ്യവസായ മന്ത്രി കെടി രാമ റാവുവുമായി ഇന്നലെ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. തെലങ്കാന സന്ദര്‍ശനത്തിന്റെ ആദ്യദിനം തന്നെ 400 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ് കിറ്റക്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഹൈദരാബാദില്‍ നിന്നും 150 കിമീ അകലെയുള്ള വാറങ്കല്‍ ജില്ലയിലെ കാക്കത്തിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിലാണ് കിറ്റക്‌സ് ടെക്‌സ്‌റ്റൈല്‍ അപ്പാരല്‍ പ്രോജക്ട് തുടങ്ങുക. രണ്ടു വര്‍ഷം കൊണ്ടാണ് 1000 കോടി രൂപ നിക്ഷേപിക്കുക. 4000 പേര്‍ക്ക് ഇതുവഴി തൊഴില്‍ നല്കാനാകുമെന്നും കിറ്റക്‌സ് എംഡി സാബു ജേക്കബ് പ്രസ്താവനയിലൂടെ അറിയിച്ചു. കിറ്റക്‌സിന്റെ തീരുമാനത്തെ തെലങ്കാന വ്യവസായമന്ത്രി കെടി രാമറാവു സ്വാഗതം ചെയ്തു. 

ഇന്നലെ ഹൈദരാബാദില്‍ തങ്ങിയ സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഇന്നാണ് കേരളത്തിലേക്ക് മടങ്ങുന്നത്. ഇന്ന് രാവിലെയും തെലങ്കാന സര്‍ക്കാര്‍ പ്രതിനിധികളുമായി കിറ്റക്‌സ് സംഘം ചര്‍ച്ച നടത്തുന്നുണ്ട്. 1000 കോടിയ്ക്ക് പുറത്തുള്ള പുതിയ നിക്ഷേപ പദ്ധതികളുണ്ടാകുമോ എന്ന് കാത്തിരിക്കുകയാണ് വ്യവസായ ലോകം. അതേസമയം കേരളം വിട്ടുപോകുന്നുവെന്ന സൂചനയ്ക്ക് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ കുതിച്ചുചാട്ടമാണ് കിറ്റക്‌സ് നേടിയത്.

Related Articles

© 2024 Financial Views. All Rights Reserved