
കൊച്ചി: കേരളം വിട്ടുപോകുന്നെന്ന വാര്‍ത്തകളും വിവാദങ്ങളും വന്നതിന് പിന്നാലെ കിറ്റക്‌സിന് ഓഹരി വിപണിയില്‍ വന്‍ കുതിച്ചുചാട്ടം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഓഹരി വിലയില്‍ 15 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 13 ശതമാനത്തോളമാണ് വില കൂടിയിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഓഹരി വിലയിലെ കുതിച്ചുചാട്ടം. കഴിഞ്ഞ ഒരു മാസം കിറ്റക്‌സിന്റെ ഓഹരി വില കൂടിയത് 6 രൂപ മാത്രമാണ്. എന്നാല്‍ ഇന്നലെ ഒറ്റ ദിവസം കൊണ്ട് കൂടിയത് 15 രൂപ.
കേരളത്തില്‍ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി കിറ്റെക്‌സ് ഗ്രൂപ്പ് ഹൈദരാബാദിലാണിപ്പോഴുള്ളത്. കിറ്റെക്സ് എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് തെലങ്കാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നത്. കൂടിക്കാഴ്ചയ്ക്കായി തെലങ്കാന സര്‍ക്കാര്‍ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് ഇവര്‍ ഹൈദരാബാദിലെത്തിയത്. നിക്ഷേപം നടത്താന്‍ വന്‍ ആനുകൂല്യങ്ങളാണ് തെലങ്കാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ ടി രാമറാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കിറ്റെക്‌സ് എംഡി ടെലിഫോണില്‍ സംസാരിച്ചിരുന്നു. വിമാനത്താവളത്തില്‍ സാബു ജേക്കബിനെയും സംഘത്തെയും തെലങ്കാന വ്യവസായ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. ചര്‍ച്ച പുരോഗമിക്കുകയാണ്.
അതേസമയം താനൊരിക്കലും കേരളം വിട്ട് പോകും എന്ന് കരുതിയതല്ലെന്നും, തന്നെ കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കുകയാണെന്നും കിറ്റക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ് പ്രതികരിച്ചു. തന്നെ മൃഗത്തെപ്പോലെ വേട്ടയാടി. പിടിച്ച് നില്‍ക്കാന്‍ പരമാവധി ശ്രമിച്ചു. സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനല്ല ഈ യാത്രയെന്നും, ഇനിയും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സാബു എം ജേക്കബ് പറഞ്ഞു. വ്യവസായ മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സാബു എം ജേക്കബ് നടത്തിയത്. പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായാല്‍ നിലവിലുള്ള വ്യവസായം കേരളത്തിന് പുറത്തേക്ക് മാറ്റുന്നത് ആലോചിക്കുമെന്നും കിറ്റക്‌സ് എംഡി മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി കിറ്റെക്‌സ് ഗ്രൂപ്പ് ഹൈദരാബാദിലേക്ക് പോകവേയാണ് പ്രതികരണം.