
മുംബൈ: യുഎസ് സ്വകാര്യ ഇക്വിറ്റി ഭീമനായ കെ.കെ.ആര്‍. റിലയന്‍സ് ജിയോയില്‍ 11,367 കോടിയുടെ നിക്ഷേപം നടത്തും. ഇതുവഴി കെ.കെ.ആറിന് റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമില്‍ 2.32 ശതമാനം ഓഹരി പങ്കാളിത്തം ലഭിക്കും. ജിയോ പ്ലാറ്റ്ഫോമില്‍ അടുത്തിടെ നിക്ഷേപം നടത്തുന്ന അഞ്ചാമത്തെ കമ്പനിയാണ് കെ.കെ.ആര്‍. ഫെയ്സ്ബുക്ക്, സില്‍വര്‍ലേക്ക്, വിസ്റ്റ ഇക്വിറ്റി, ജനറല്‍ അറ്റ്ലാന്റിക് എന്നിവരാണ് ഇതിന് മുമ്പ് നിക്ഷേപം നടത്തിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടപാടുകള്‍ ഉണ്ടായേക്കുമെന്നും ബിസിനസ് വിദഗ്ദ്ധര്‍ പറയുന്നു.
ഈ ഇടപാടോടെ ജിയോ പ്ലാറ്റ്ഫോമുകള്‍ 4.91 ലക്ഷം കോടി രൂപയുടെ ഓഹരി മൂല്യത്തിലേക്കും 5.16 ലക്ഷം കോടി രൂപയുടെ എന്റര്‍പ്രൈസ് മൂല്യത്തിലേക്കും എത്തി. ഏഷ്യയിലെ കെ.കെ.ആറിന്റെ ഏറ്റവും വലിയ നിക്ഷേപമാണിത്. കെ.കെ ആറിന്റെ നിക്ഷേപം ജിയോ പ്ലറ്റ്ഫോമിലെ 2.32 ഓഹരിയിലേക്ക് വിവര്‍ത്തനം ചെയ്യുമെന്ന് റിലയന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
ജിയോ പ്ലാറ്റ്ഫോമിന് അഞ്ച് നിക്ഷേപങ്ങളില്‍ നിന്നായി 78,562 കോടി രൂപ ലഭിക്കും. മെയ് 18-ന് അറ്റ്ലാന്റിക് 6598.38 കോടിക്ക് 1.34 ശതമാനം. മെയ് എട്ടിന് 11367 കോടിക്ക് വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സ് 2.32 ശതമാനം. ഏപ്രില്‍ 22ന് യുഎസ് ഇക്വിറ്റി കമ്പനിയായ സില്‍വര്‍ ലേക്ക് 5655.75 കോടിക്ക് 1.15 ശതമാനം. എന്നിങ്ങനെ ഓഹരികള്‍ സ്വന്തമാക്കി. 9.99 ശതമാനം ഓഹരികള്‍ക്കായി 5.7 ബില്യന്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഫെയ്സ്ബുക്കും അറിയിച്ചു.
ഇന്ത്യയില്‍ ഒരു ഡിജിറ്റല്‍ സൊസൈറ്റി കെട്ടിപ്പടുക്കുകയെന്ന ഞങ്ങളുടെ ആഗ്രഹം കെകെആറുമായി പങ്കുവെക്കുന്നു. വ്യവസായ മേഖലയില്‍ വിലപ്പെട്ട പങ്കാളിയാണെന്ന് തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോര്‍ഡാണ് കെകെആറിനുള്ളത്. വര്‍ഷങ്ങളായി ഇത് ഇന്ത്യയോട് പ്രതിജ്ഞാബദ്ധവുമാണെന്ന് ആര്‍ഐഎല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി പ്രസ്താവനയില്‍ പറഞ്ഞു. ജിയോയെ കൂടുതല്‍ വളര്‍ത്തുന്നതിന് കെകെആറിന്റെ ആഗോള ശൃംഖലയും, വ്യവസായ പരിജ്ഞാനവും, പ്രവര്‍ത്തന വൈദഗ്ദ്ധ്യവുമെല്ലാം പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതായും അദേഹം കൂട്ടിച്ചേര്‍ത്തു.
ജിയോ പ്ലാറ്റ്ഫോമുകള്‍ക്ക് ഒരു രാജ്യത്തിന്റെ ഡിജിറ്റല്‍ ഇക്കോസിസ്റ്റം പരിവര്‍ത്തനം ചെയ്യാന്‍ കഴിവുള്ളതായും അതിനാല്‍ ഈ ശക്തമായ നീക്കത്തിനോടൊപ്പം ചേര്‍ന്ന് നിക്ഷേപം നടത്തുന്നതായും കെകെആറിന്റെ സഹസ്ഥാപകന്‍ ഹെന്റി ക്രാവിസ് പ്രസ്താവനയില്‍ പറഞ്ഞു.