ഇന്ധന നികുതി പരാമര്‍ശത്തില്‍ നരേന്ദ്ര മോദിയ്ക്ക് മറുപടിയുമായി കെഎന്‍ ബാലഗോപാല്‍

April 28, 2022 |
|
News

                  ഇന്ധന നികുതി പരാമര്‍ശത്തില്‍ നരേന്ദ്ര മോദിയ്ക്ക് മറുപടിയുമായി കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ഇന്ധന നികുതി കുറക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍. ആറു വര്‍ഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് പ്രധാനമന്ത്രിക്ക് മറുപടിയായി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. പ്രധാനമന്ത്രി പറഞ്ഞത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയെ പോലെ ഒരാള്‍ പ്രധാനപ്പെട്ട യോഗത്തില്‍ ഇങ്ങനെ രാഷ്ട്രീയം പറയരുത്. കേന്ദ്രം പിരിക്കുന്ന നികുതിയില്‍ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് പങ്കുവെക്കുന്നില്ല. കേന്ദ്രം ചുമത്തിയിരിക്കുന്ന ന്യായമല്ലാത്ത സര്‍ചാര്‍ജും സെസും കുറക്കണമെന്നും ധനമന്ത്രി പറഞ്ഞു. കേരളം ഇന്ധന നികുതി കുറക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. കൂട്ടാത്ത നികുതി എങ്ങനെയാണ് കുറക്കുകയെന്നും കേരളം നികുതി കുറച്ചില്ലെന്ന പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രം സംസ്ഥാന നികുതിയിലേക്ക് കടന്നുകയറുകയാണ് ചെയ്യുന്നത്. സെസും സര്‍ചാര്‍ജും ഫെഡറല്‍ സംവിധാനത്തിനുവിരുദ്ധമാണ്. സെസും സര്‍ചാര്‍ജുമായി പിരിക്കുന്നത് പങ്കുവെക്കുന്നില്ല. കേന്ദ്രം തന്നെ എടുക്കുകയാണ്. ഇതു കുറച്ചാല്‍ തന്നെ വില കുറയുമെന്നിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

നികുതി കുറച്ച സംസ്ഥാനങ്ങള്‍ മറ്റു വരുമാന മാര്‍ഗങ്ങളുള്ളവരാണ്. പെട്രോളിയം ഉല്‍പന്നങ്ങളില്‍ സെസും സര്‍ചാര്‍ജും പിരിക്കാന്‍ കേന്ദ്രത്തിന് അര്‍ഹതയില്ല. ബന്ധപ്പെട്ട വേദികളില്‍ പ്രതിഷേധം അറിയിക്കും. നമുക്ക് പിരിക്കാന്‍ പൂര്‍ണമായ അവകാശമുള്ളിടത്ത് വന്ന് കേന്ദ്രം സെസ് പിരിക്കാന്‍ പാടില്ല. സാമ്പത്തിക അവകാശങ്ങളില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ എങ്ങനെ മുന്നോട്ടു പോകുമെന്നും മന്ത്രി ചോദിച്ചു.

പെട്രോളിനും ഡീസലിനും സബ്സിഡി നല്‍കാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ 1,500 കോടി ചെലവഴിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. മൂന്ന് വര്‍ഷമായി ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും ഒരു രൂപവീതം സബ്സിഡി നല്‍കുന്നതായും മമത പറഞ്ഞു. 38.3 ശതമാനം നേരിട്ടുള്ള നികുതിയും 15 ശതമാനം ജി.എസ്.ടിയും കേന്ദ്രത്തിന് നല്‍കിയിട്ടും മഹാരാഷ്ട്രയോട് ചിറ്റമ്മനയമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആരോപിച്ചു.

നികുതിയിനത്തില്‍ 26,500 കോടി കേന്ദ്രം നല്‍കാനുണ്ട്. സാമ്പത്തിക സഹായത്തിന്റെ കാര്യത്തില്‍ ഗുജറാത്തിനോട് കാണിക്കുന്ന ആവേശം കേന്ദ്രം മഹാരാഷ്ട്രയോട് കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസംസ്‌കൃത എണ്ണ വില കുറയുമ്പോഴും തീരുവ കുറക്കാതെ കേന്ദ്രം സംസ്ഥാനങ്ങളെ പഴിചാരുന്നത് നാണക്കേടാണെന്ന് കോണ്‍ഗ്രസ് നേതാവ് റാശിദ് ആല്‍വി കുറ്റപ്പെടുത്തി. അസംസ്‌കൃത എണ്ണയില്‍ നിന്ന് കേന്ദ്രത്തിന് അഞ്ച് ലക്ഷം കോടി ലഭിക്കുന്ന കാര്യം പ്രധാനമന്ത്രി മറച്ചുവെക്കുകയാണെന്നും ആല്‍വി ചൂണ്ടിക്കാട്ടി.

Related Articles

© 2025 Financial Views. All Rights Reserved