ജെഫ് ബെസോസിന്റെ സ്ഥാനത്തേക്ക് ആന്‍ഡി ജാസി; വിശദാംശം അറിയാം

February 04, 2021 |
|
News

                  ജെഫ് ബെസോസിന്റെ സ്ഥാനത്തേക്ക് ആന്‍ഡി ജാസി; വിശദാംശം അറിയാം

ന്യൂയോര്‍ക്ക്: ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആമസോണ്‍ സിഇഒ സ്ഥാനമൊഴിയും എന്ന വാര്‍ത്ത അപ്രതീക്ഷിതമായാണ് ലോകം കേട്ടത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനമേറ്റെടുക്കാനാണ് ജെഫ് ബെസോസിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബെസോസിന് പകരം ആമസോണ്‍ വെബ് സര്‍വീസിന്റെ ചുമതലയിലുള്ള ആന്‍ഡി ജാസി ആണ് കമ്പനിയുടെ പുതിയ സിഇഒ ആവുക. 1995ല്‍ കമ്പനി സ്ഥാപിച്ചത് മുതല്‍ ബെസോസ് ആണ് സിഇഒ സ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്നാണ് മാറ്റം.

അതേ സമയം പുതുതായി സിഇഒയായി ആ സ്ഥാനത്തേക്ക് വരുന്ന ആന്‍ഡി ജാസി ശരിക്കും ബെസോസിന്റെ 'നിഴല്‍' എന്നാണ് ബിസിനസ് രംഗത്ത് അറിയിപ്പെടുന്നത്. ആമസോണിന് പുറത്ത് വലുതായി പ്രത്യക്ഷപ്പെടാത്ത മുഖമാണ് ഇദ്ദേഹത്തിനുള്ളത്. 1997 ലാണ് ആന്‍ഡി ജാസി ആമസോണില്‍ ചേരുന്നത്. തുടക്കം മുതല്‍ ബെസോസിന്റെ വലിയ നീക്കങ്ങളില്‍ എല്ലാം ഒരു ഉപദേശകന്റെ റോളില്‍ ആന്‍ഡി ഉണ്ടായിരുന്നു എന്നാണ് ബിസിനസ് വൃത്തങ്ങള്‍ പറയുന്നത്. ഹവാര്‍ഡില്‍ നിന്നും പഠിച്ചിറങ്ങിയ ഉടന്‍ ആമസോണില്‍ ചേര്‍ന്ന ഈ 53 കാരന്‍, പിന്നീട് ബെസോസിന്റെ മുഖ്യ സാങ്കേതിക ഉപദേശകരില്‍ ഒരാളായാണ് അറിയപ്പെടുന്നത്.

2006ലാണ് ആമസോണ്‍ ആമസോണ്‍ വെബ് സര്‍വീസ് ആരംഭിക്കുന്നത്. തുടക്കം മുതല്‍ അതിന്റെ നേതൃനിരയില്‍ ആന്‍ഡി ജാസിയുണ്ട്. 2020 ന്റെ അവസാനപാദത്തില്‍ ആമസോണ്‍ വെബ് സര്‍വീസിന്റെ വിറ്റുവരവ് 12.7 ബില്ല്യണ്‍ യുഎസ് ഡോളറാണ്. ആമസോണിന്റെ ഈ യൂണിറ്റ് വാര്‍ഷിക വരുമാനം 50 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് ഉണ്ടാക്കിയത്. 2006ല്‍ ഈ യൂണിറ്റ് തുടങ്ങുമ്പോള്‍ ആമസോണിന്റെ സ്ഥിരം രംഗത്ത് നിന്നും ഒരു വലിയ മാറ്റമായിരുന്നു അത്. അതിനാല്‍ തന്നെ ഇത് വിശ്വസ്തതയോടെ ആന്‍ഡിയെ ഏല്‍പ്പിച്ച ബിസോസിന്റെ വിശ്വാസം ഇന്നും തെറ്റിയില്ല. അത് തന്നെയാണ് സിഇഒ സ്ഥാനവും ഈ ന്യൂയോര്‍ക്ക് സ്വദേശിയിലേക്ക് എത്തിച്ചേരുന്നതിന്റെ കാരണം.

ആമസോണ്‍ വെബ് സര്‍വീസിന് ഈ മേഖലയില്‍ ഇപ്പോള്‍ 45 ശതമാനം വിപണി പങ്കാളിത്തം ഉണ്ടെന്നാണ് 2019 ലെ കണക്കുകള്‍ പറയുന്നത്. നേരത്തെ ജെഫ് ബിസോസിന് ശേഷം നേരത്തെ ആമസോണ്‍ ലോജസ്റ്റിക്‌സ് ആന്റ് റീട്ടെയില്‍ എക്‌സിക്യൂട്ടീവ് ജെഫ് വില്‍ക്ക് സിഇഒ ആകുമെന്നാണ് പൊതുവില്‍ കരുതിയിരുന്നെങ്കിലും അദ്ദേഹം കഴിഞ്ഞ വര്‍ഷം തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഈ പദവി ആന്‍ഡിയിലേക്ക് എത്തിച്ചേര്‍ന്നു.

ആന്‍ഡിയുടെ കൂടെ ജോലി ചെയ്ത മുന്‍ ആമസോണ്‍ എക്‌സിക്യൂട്ടീവുകളുടെ അനുഭവങ്ങള്‍ പ്രകാരം ജെഫ് ബിസോസ് പ്രവര്‍ത്തിക്കുന്ന രീതിയില്‍ തന്നെയാണ് ആന്റി ജാസും തന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നാണ്. ഇത് പ്രകാരം വിശദമായി ഒരോ പ്രശ്‌നത്തേയും ഡാറ്റകളുടെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തുന്ന ഒരാളാണ് ആന്‍ഡി. ഒപ്പം തന്നെ അവസാനത്തെ കസ്റ്റമര്‍ക്ക് എന്ത് വേണം എന്ന ചിന്തയില്‍ നിന്നാണ് പലപ്പോഴും ഇദ്ദേഹം പ്രൊജക്ടുകള്‍ ആലോചിക്കാറ് എന്നും ബ്ലും ബെര്‍ഗ് ലേഖനം പറയുന്നു.

Related Articles

© 2024 Financial Views. All Rights Reserved