കെഫോണ്‍ പദ്ധതി: ഒന്നാം ഘട്ടത്തിന് തുടക്കമായി

February 16, 2021 |
|
News

                  കെഫോണ്‍ പദ്ധതി: ഒന്നാം ഘട്ടത്തിന് തുടക്കമായി

തിരുവനന്തപുരം: അതിവേഗ ഇന്റര്‍നെറ്റിനായി സംസ്ഥാനം മുഴുവന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല തീര്‍ക്കുന്ന കെഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് തുടക്കം. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ 1,000 സര്‍ക്കാര്‍ ഓഫിസുകളെയാണ് ആദ്യഘട്ടത്തില്‍ ബന്ധിപ്പിക്കുന്നത്. ഓഗസ്റ്റില്‍ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. അടുത്ത വര്‍ഷം മാത്രമേ വീടുകളിലേക്കുള്ള കണക്ഷന്‍ ലഭ്യമാകൂ. കണക്ഷന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ തന്നെയാകും നല്‍കുക. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

കേരളത്തിന്റെ മുക്കിലും മൂലയിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാനായി സര്‍ക്കാര്‍ സ്ഥാപിക്കുന്ന അതിവിപുലമായ ഫൈബര്‍ ശൃംഖലയാണ് കെഫോണ്‍. കേബിള്‍ ഇടുകയും അത് പരിപാലിക്കുകയും മാത്രമാണ് സര്‍ക്കാരിന്റെ ദൗത്യം. അതുവഴി ഇന്റര്‍നെറ്റ് എത്തിക്കുന്നത് നിലവിലുള്ള ഇന്റര്‍നെറ്റ് സേവനദാതാക്കളായിരിക്കും. നഗരമേഖലയില്‍ മാത്രം പരിമിതപ്പെട്ടിരുന്ന ഫൈബര്‍ കണക്റ്റിവിറ്റി കേരളത്തിന്റെ വിദൂരമേഖലകളിലേക്ക് വരെ എത്തിക്കുകയാണ് ലക്ഷ്യം.

കേരളത്തില്‍ ഡിജിറ്റല്‍ അന്തരം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണ് കെ ഫോണിലൂടെ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവര സാങ്കേതികവിദ്യ വളരെ പുരോഗമിച്ച കാലത്തും 10 ശതമാനത്തില്‍ താഴെ സര്‍ക്കാര്‍ ഓഫിസുകളെയാണ് സ്റ്റേറ്റ് നെറ്റ്വര്‍ക്കുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുമായുള്ള ബന്ധം ഇതിലും കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെഫോണ്‍ ശൃംഖല ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നല്‍കേണ്ട വാടകയില്‍ നിന്നു പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള ചെലവ് കണ്ടെത്താനാണ് സര്‍ക്കാര്‍ തീരുമാനം.കെഫോണ്‍ ശൃംഖല ഉപയോഗിക്കുന്നതിനു സേവനദാതാവ് നല്‍കുന്ന വാടകയില്‍ നിന്നു സൗജന്യ കണക്ഷനുകളുടെ തുക ഇളവ് ചെയ്യുന്ന രീതിയാണ് പരിഗണനയിലുള്ളത്. ഓരോ സേവനദാതാവും നല്‍കേണ്ട സൗജന്യ കണക്ഷനുകളുടെ എണ്ണം സര്‍ക്കാര്‍ നിശ്ചയിക്കും. ടെന്‍ഡര്‍ വഴിയായിരിക്കും സേവനദാതാക്കളെ തിരഞ്ഞെടുക്കുക.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved