
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ റബര്‍ കമ്പനി (കെആര്‍എല്‍) വെള്ളൂരില്‍ മേയില്‍ പ്രവര്‍ത്തനം ആരംഭിക്കും. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിക്കാനാണു തീരുമാനം. പഴയ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡില്‍നിന്ന് ഏറ്റെടുത്ത 145 ഏക്കര്‍ സ്ഥലം കമ്പനിക്കായി ഉടന്‍ കൈമാറും. കമ്പനിയുടെ ഘടന, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച രൂപരേഖ തയാറാക്കാന്‍ കെആര്‍എല്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഷീല തോമസിനെ ചുമതലപ്പെടുത്തി. മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
കമ്പനിയുടെ പ്രവര്‍ത്തനത്തിനു കൊച്ചി വിമാനത്താവളത്തിന്റെ (സിയാല്‍) മാതൃകയാണ് പരിഗണിക്കുന്നത്. എന്നാല്‍ സിയാലിന്റെ അതേ മാതൃക പിന്തുടരേണ്ടെന്നും നിര്‍ദേശം ഉയര്‍ന്നു. കൂടുതല്‍ ഫലപ്രദമായ മറ്റ് മാതൃകകളും പരിഗണിച്ചേക്കും. സര്‍ക്കാരിന്റെ പങ്കാളിത്തം ചുരുക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, പ്രമോഷനല്‍ നിക്ഷേപകര്‍ എന്നിവര്‍ക്കും പങ്കാളിത്തം ഉറപ്പാക്കും. റബര്‍ ഉല്‍പന്നങ്ങള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, സ്വാഭാവിക റബര്‍ ഉല്‍പാദനം എന്നിവ അടിസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുക.
കമ്പനി ഏറ്റെടുക്കുന്ന സ്ഥലം വികസിപ്പിച്ച് വിവിധ വ്യവസായ സ്ഥാപനങ്ങള്‍ക്കു കൈമാറും. വിവിധ കമ്പനികള്‍ ഉള്‍പ്പെടുന്ന റബര്‍ വ്യവസായ പാര്‍ക്കായിരിക്കും പ്രവര്‍ത്തിക്കുക. സംരംഭകര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായം, പൊതു സൗകര്യങ്ങള്‍, മേല്‍നോട്ടം എന്നിവ കെആര്‍എല്‍ വഹിക്കും. റബര്‍ ബോര്‍ഡിന്റെയും സഹകരണം ഉറപ്പാക്കും. കമ്പനിയില്‍ എത്ര പേര്‍ക്ക് തൊഴില്‍ ലഭിക്കും, എത്ര സ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തിക്കാനാകും എന്നീ കാര്യങ്ങള്‍ രൂപരേഖയില്‍ വ്യക്തമാകും. രൂപരേഖ അടുത്ത മാസം തയാറാകും.